എന്നോടുള്ള സ്നേഹംകൊണ്ടായിരിക്കാം, ‘മോനേ ഉറപ്പായും ചെയ്യാം’ എന്ന് ലാലേട്ടൻ പറഞ്ഞു- പൃഥ്വിരാജ്

#Movies Desk
മോഹന്‍ ലാലും പൃഥ്വിരാജും |ഫോട്ടോ:PTI
മോഹന്‍ ലാലും പൃഥ്വിരാജും |ഫോട്ടോ:PTI

സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന വൈശാഖ് ചിത്രമാണ് ഖലീഫ. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് ആലി എന്ന കഥാപാത്രമായി മോഹൻലാൽ ചിത്രത്തിൽ അതിഥിവേഷത്തിലുണ്ട്. ഖലീഫയിലെ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ദുബായിൽ നടന്ന പ്രൊമോഷൻ പരിപാടിയിൽ പൃഥ്വിരാജ് സംസാരിച്ചു. തന്നോടുള്ള സ്‌നേഹംകൊണ്ടുകൂടിയായിരിക്കാം മോഹൻലാൽ ആ വേഷം ചെയ്തതെന്ന് പൃഥ്വിരാജ് പറഞ്ഞു.

'മാമ്പറയ്ക്കൽ അഹമ്മദ് ആലിയായി ലാലേട്ടൻ അഭിനയിക്കണം എന്നത് ഞങ്ങൾ എല്ലാവരുടെയും ആഗ്രഹമായിരുന്നു. അദ്ദേഹത്തെ സമീപിച്ചപ്പോൾ, എന്നോടുള്ള സ്നേഹംകൊണ്ടായിരിക്കാമെന്ന് ഞാൻ കരുതുന്നു, മോനേ ഉറപ്പായും ചെയ്യാം എന്ന് പറഞ്ഞു. അദ്ദേഹം വന്ന് കഥാപാത്രം ചെയ്തു', പൃഥ്വിരാജ് പറഞ്ഞു.

'ഈ സിനിമയിൽ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ മാത്രമേയുള്ളൂ. അത് മാത്രമേ പ്രതീക്ഷിക്കാവൂ. ദൈവം അനുഗ്രഹിച്ച് നിങ്ങൾ എല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ട് വലിയ വിജയമാവുകയാണെങ്കിൽ, തീർച്ചയായും ഇതിന് രണ്ടാംഭാഗമുണ്ടാവും. അതിൽ മാമ്പറയ്ക്കൽ അഹമ്മദ് ആലിയുടെ കഥ ഞങ്ങൾ പറയുകയും ചെയ്യും. ഖലീഫ ഒന്നാം ഭാഗം മാമ്പറയ്ക്കൽ ആമിർ അലിയുടെ കഥയാണ്. ആ കഥയിൽ സംഭാഷണങ്ങളിലൂടെയും സംഭവങ്ങളിലൂടെയും അഹമ്മദ് ആലി ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ ലോകവും കഥയും എന്തായിരുന്നുവെന്ന് ചില സൂചനകൾ നിങ്ങൾക്ക് ലഭിക്കും', നടൻ കൂട്ടിച്ചേർത്തു.

കഥയുടെ തുടർച്ചയായൊരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ കൂടുതൽ പ്രാധാന്യമുള്ള വേഷത്തിൽ മോഹൻലാൽ എത്തുമെന്ന സൂചന അണിയറപ്രവർത്തകർ നൽകുന്നുണ്ട്. തെന്നിന്ത്യൻ താരം മാളവിക ശർമയാണ് നായിക. 'പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്ലൈൻ.

പോക്കിരിരാജയ്ക്കുശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന വൈശാഖ് ചിത്രമാണ് ഖലീഫ. ആക്ഷന് വലിയ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പ്രതിനായകനായി ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് എത്തും. ഇന്ദ്രൻസ് മറ്റൊരു ശക്തമായ കഥാപാത്രമായി ചിത്രത്തിലുണ്ട്.

ജോമോൻ ടി. ജോൺ ക്യാമറയും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രീകരിച്ച സിനിമയുടെ സംഗീതം ജേക്സ് ബിജോയാണ്. സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്നാലപിച്ച ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

Content Highlights: Prithviraj Sukumaran revealed during a Dubai promotional event that Mohanlal readily accepted a cameo role in the film Khalifa out of affection for him. The mass action thriller, directed by Vysakh, features Prithviraj as Mambarakkal Aamir Ali, while Mohanlal makes a brief appearance as Mambarakkal Ahamed Ali. Prithviraj clarified that the first installment will only introduce Mohanlal’s character through references and events, keeping the focus on Aamir Ali's journey. If the movie turns out to be a major success, a second part will be made to fully explore Ahamed Ali's backstory and world. Featuring Malavika Sharma as the lead female and Neil Nitin Mukesh as the antagonist, the high-budget film is lensed by Jomon T. John with music composed by Jakes Bejoy.