തെലുങ്കിലും സൂപ്പറാകാൻ ‘പ്രേമലു’; വിതരണം രാജമൗലിയുടെ മകൻ ഏറ്റെടുത്തു

രാജമൗലിയും മകൻ കാർത്തികേയയും, പ്രേമലു പോസ്റ്റർ | photo: instagram/ ss karthikeya
രാജമൗലിയും മകൻ കാർത്തികേയയും, പ്രേമലു പോസ്റ്റർ | photo: instagram/ ss karthikeya

​മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുന്ന ‘പ്രേമലു‘വിന്റെ തെലുങ്ക് പതിപ്പിന്റെ വിതരണം സംവിധായകൻ എസ്. എസ് രാജമൗലിയുടെ മകൻ കാർത്തികേയ ഏറ്റെടുത്തു. വമ്പൻ തുകയ്ക്കാണ് സിനിമയുടെ അവകാശം കാർത്തികേയ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 

കേരളത്തിന് പുറത്തും മികച്ച പ്രതികരണം നേടുന്ന പ്രേമലുവിന്റെ മൊഴിമാറ്റപ്പതിപ്പിന്റെ ഡബ്ബിങ് ജോലികൾ പുരോ​ഗമിക്കുകയാണ്. മാർച്ച് എട്ടിന് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. 

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലിനും മമിത ബെെജുവുമാണ് പ്രധാന വേഷത്തിലെത്തിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പ്രേമലു'. 

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോക്സോഫീസിൽ നിന്ന് 50 കോടിയും നേടി കുതിക്കുകയാണ് ചിത്രം. 

Content Highlights: ss rajamouli son karthikeya acquires gireesh ad movie premalu telugu distribution