പ്രേമലു 2-നുവേണ്ടി കളഞ്ഞത് ഒരു വർഷം, അത് ഭയങ്കരമായി ബാധിച്ചു; തുറന്നുപറഞ്ഞ് ഗിരീഷ് എ.ഡി

പ്രേമലു 2 എന്ന ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ ഗിരീഷ് എ.ഡി. ഈ ചിത്രത്തിനു വേണ്ടി ഒരുവർഷം കഷ്ടപ്പെട്ടുവെന്നും ആ സിനിമ വേണ്ടെന്നു വെച്ചത് വലിയ രീതിയിൽ തന്നെ ബാധിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആ സമയത്ത് തന്റെ കൂടെ നിന്നത് ഭാവന സ്റ്റുഡിയോസും തിരക്കഥാകൃത്തായ കിരൺ ജോസിയുമാണ്. അവർ തന്ന പിന്തുണ കൊണ്ടാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഇത്ര വേഗത്തിൽ സംഭവിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊച്ചിയിൽ 'ബെത്ലഹേം കുടുംബ യൂണിറ്റ്' വിജയാഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു ഗിരീഷ്.
"പ്രേമലു ചെയ്ത് ഒരു വർഷം കഴിഞ്ഞ ശേഷമാണ് ബെത്ലഹേം കുടുംബ യൂണിറ്റ് തുടങ്ങുന്നത്. അത്രയും നാൾ ‘പ്രേമലു 2’വിന്റെ വർക്കുകളിലായിരുന്നു. അപ്രതീക്ഷിതമായി അത് ഒഴിവാക്കേണ്ടിവന്നു. അത് ഞങ്ങളെ ഭയങ്കരമായി ബാധിച്ചൊരു പ്രശ്നമായിരുന്നു. ഞങ്ങളുടെ ഒരു വർഷമാണ് അതുകാരണം നഷ്ടമായത്. അത്രയും സമയം കളയേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. ആ സമയത്താണ് ‘ബെത്ലഹേം’ ചെയ്യാമെന്ത ചിന്ത വരുന്നത്. അതിനുമുൻപേ തന്നെ ഈ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ 'പ്രേമലു' വലിയ ഹിറ്റായിരുന്നതുകൊണ്ട്, ‘പ്രേമലു 2’ എന്ന ഐഡിയ വന്ന് അതിന്റെ പിന്നാലെ പോയതാണ്.
ആ സമയത്ത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് എന്റെ കൂടെ നിന്നത് ഭാവന സ്റ്റുഡിയോസും സഹ എഴുത്തുകാരനായ കിരൺ ജോസിയും ഡയറക്ഷൻ ടീമുമാണ്. അവരെല്ലാം നല്ല പിന്തുണ തന്നതുകൊണ്ടാണ് വളരെ പെട്ടെന്ന് 'ബെത്ലഹേ'മിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞത്.
'പ്രേമലു 2' സംഭവിച്ചിരുന്നെങ്കിൽ കഴിഞ്ഞ വിഷുവിനാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. അതിൽ നിന്നും മൂന്നുനാല് മാസം കഴിഞ്ഞാണ് 'ബെത്ലഹേം' റിലീസ് ചെയ്യുന്നത്. അത്ര സമയമൊന്നും നഷ്ടമായിട്ടില്ല, കാരണം അത്രയും വേഗത്തിൽ ഈ സിനിമയുടെ വർക്ക് ചെയ്തതുകൊണ്ടാണ്. അപ്പോഴും ഞങ്ങൾ വിചാരിച്ചില്ല, ഇത് ഇത്ര വലിയ വിജയമാകുമെന്നോ ഇൻഡസ്ട്രി ഹിറ്റ് ആകുമെന്നോ. ഇത് വ്യക്തിപരമായ വിജയമായി കാണുന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി."–ഗിരീഷ് പറഞ്ഞു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളിയും ആഷ്ലിയായി മമിത ബൈജുവുമാണ് എത്തിയത്. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരും യുവാക്കളും ഏറ്റെടുത്ത ചിത്രം ഒടിടി റിലീസിന് ശേഷവും വലിയ സ്വീകാര്യതയാണ് നേടുന്നത്.
Content Highlights: Director Girish AD revealed that the decision to shelve "Premam 2" after a year of work was significantly impactful, but support from Bhavana Studios and writer Kiran Jose helped quickly develop "Bethlehem Kudumba Unit