'അച്ഛന് പിറകെ മകനും'; പ്രണയദിനം ആഘോഷമാക്കാനായി 'ഹൃദയം' വീണ്ടുമെത്തി

ഹൃദയം പോസ്റ്റര്‍ | photo: special arrangements
ഹൃദയം പോസ്റ്റര്‍ | photo: special arrangements

പ്രണയ ദിനം ആഘോഷിക്കാനായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റീറിലീസുമായി പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം. 
നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം റീറിലീസ് ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ഹൃദയം. 

ഫെബ്രുവരി 10 മുതല്‍ ഹൃദയം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. അജു വര്‍ഗ്ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

കൊവിഡ് ഭീഷണികള്‍ക്കിടയിലും 50 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിയിരുന്നു. മോഹന്‍ലാല്‍ ചിത്രം സ്ഫടികം റീറിലീസ് ചെയ്തതിന് പിന്നാലെ വന്ന് പ്രണവ് ചിത്രത്തിന്റെ റീറിലീസ് ്‌വാര്‍ത്ത ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. 

അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് പ്രണവ് ഹൃദയത്തില്‍ എത്തിയത്്. അരുണ്‍ കടന്നുപോവുന്ന 17 വയസ് മുതല്‍ 30 വയസ് വരെയുള്ള കഥയാണ് ചിത്രം പറയുന്നത്.  വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ്. 

മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്റ് സിനിമാസിന്റെ 70-ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു ഹൃദയം. ഛായാഗ്രഹണം -വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിങ് -രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം -ദിവ്യ ജോര്‍ജ്. ചമയം -ഹസന്‍ വണ്ടൂര്‍്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിതാര സുരേഷ്. 

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ -അനില്‍ എബ്രഹാം, അസോസിയേറ്റ് ഡയറക്റ്റര്‍ -ആന്റണി തോമസ് മാങ്കാലി. സംഘട്ടനം -മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ -ആതിര ദില്‍ജിത്ത്. 

Content Highlights: pranav mohanlal vineeth sreenivasan movie hridayam re release