'ഒരു പാവം മനുഷ്യൻ, ഏഴു വർഷം മുന്നേ ഒരു സ്ക്രിപ്റ്റും പിടിച്ച് ഓടി നടന്നയാൾ ഇന്ന് തമിഴിലെ യൂത്ത് സ്റ്റാർ'; പ്രദീപിനെക്കുറിച്ചുള്ള യുവാവിന്റെ വീഡിയോ വൈറൽ

കീർത്തീശ്വരന്റെ സംവിധാനത്തിൽ പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാനവേഷങ്ങളിലെത്തിയ ചിത്രമായ ഡ്യൂഡ് പ്രദർശനവിജയം നേടി മുന്നേറുകയാണ്. പ്രദീപ് രംഗനാഥനെക്കുറിച്ച് ഫാസിൽ ബിൻ മുസ്തഫ എന്ന മലയാളി യുവാവ് പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. സിനിമയിലെത്തും മുന്നേയുള്ള പ്രദീപ് രംഗനാഥന്റെ ജീവിതമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. താൻ ഒരു പാർട്ട് ടൈം ഊബർ ഡ്രൈവർ ആയിരുന്നപ്പോൾ പ്രദീപ് രംഗനാഥൻ തന്റെ കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് ഫാസിൽ പറഞ്ഞു. അന്ന് പ്രദീപിന്റെ കയ്യിൽ ഒരു തിരക്കഥയുണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം രവി മോഹൻ നായകനായ 'കോമാളി' എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ അതിന്റെ സംവിധായകന്റെ പേര് കണ്ട് താൻ ഞെട്ടിപ്പോയെന്നും ഫാസിൽ മുസ്തഫ പറഞ്ഞു. 'ഡ്യൂഡ്' എന്ന ചിത്രം കണ്ട ശേഷമാണ് പ്രദീപ് രംഗനാഥനൊപ്പമുള്ള ഊബർ യാത്രയിലെ ഓർമകൾ ഫാസിൽ പങ്കുവച്ചത്.
"ഇന്ന് തമിഴ് സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് ഇയാൾ. എനിക്കുണ്ടായ ഒരു പേഴ്സണൽ എക്സ്പീരിയൻസ് ആണ് ഞാൻ ഇന്ന് നിങ്ങളോട് ഷെയർ ചെയ്യാൻ പോകുന്നത്. 2018 -ൽ ഞാൻ ചെന്നൈ പഠിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ പാർട്ട് ടൈം ജോബ് എല്ലാം ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം ഊബർ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ നൈറ്റ് 8 മണിക്ക് എയർപോർട്ടിൽ നിന്ന് ഒരു പിക്കപ്പ് വന്നു. ചെന്നൈ എയർപോർട്ടിൽ നിന്ന് ഇസിആർ വരെ. ഏകദേശം ഒരു 45 മിനിറ്റോളം യാത്രയുണ്ട്. ഒരു 27 വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. നമ്മൾ പരിചയപ്പെട്ടു. എന്താ ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ ഒരു സിനിമ ചെയ്യാൻ പോവുകയാണ്. ഏകദേശം ഓക്കേ ആയിട്ടുണ്ട്. അതിന്റെ കുറച്ചു കാര്യങ്ങളാണ്. എന്നാലും സ്ട്രഗിൾ ആണ്. ഒന്ന് ആൾക്കാരെ മീറ്റ് ചെയ്യേണ്ട ആവശ്യമുണ്ട് എന്ന് പറഞ്ഞു. ഞാനും എന്റെ ഡീറ്റെയിൽസ് പറഞ്ഞു. ഞാനും ഒരു ആർട്ടിസ്റ്റ് ആണ്, മ്യൂസിഷ്യൻ ആണ്, ഇവിടെ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന്.
കുറെ നേരം സംസാരിച്ചിട്ട് ലാസ്റ്റ് ഇസിആറിൽ ഇയാളെ ഞാൻ ഡ്രോപ്പ് ചെയ്തു, ശേഷം നമ്പറൊക്കെ വാങ്ങിച്ചു. അങ്ങനെ അവിടുന്ന് ഒരു വൺ ഇയർ കഴിഞ്ഞ് തമിഴിൽ കോമാളി എന്ന് പറഞ്ഞിട്ട് ഒരു മൂവി റിലീസ് ആയി. തമിഴിലെ തന്നെ മികച്ച നടന്മാരിലൊരാളായ ജയം രവിയെ വെച്ചിട്ട്. അതും എന്റെ ഒപ്പം കാറിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായിരുന്നു അതിന്റെ ഡയറക്ടർ എന്ന് പറയുമ്പോൾ വളരെ അഭിമാനം തോന്നുന്നു. അയാളുടെ കഷ്ടപ്പാടുകളെക്കുറിച്ചെല്ലാം എന്നോട് പറഞ്ഞത് തന്നെ പെട്ടെന്ന് എനിക്ക് ഓർമ്മ വന്നു പിന്നീട് ഇയാളെക്കുറിച്ച് ഒരു വിവരവുമില്ല. ശേഷം വന്നത് പാൻ ഇന്ത്യൻ വൈറൽ ഹിറ്റ് ആയിട്ടുള്ള ഒരു പടം, ലവ് ടുഡേ എന്ന ചിത്രത്തിൽ ലീഡ് ആക്ടർ, ഡയറക്ടഡ് ബൈ പ്രദീപ് രംഗനാഥൻ. സത്യം പറഞ്ഞു കഴിഞ്ഞാൽ എന്റെ കിളി പോയി. കാരണം ഇയാളെ കാണുമ്പോൾ ഒരിക്കലും വിചാരിച്ചിട്ടില്ല ഇത്രയും അടിപൊളി പെർഫോമർ ആണെന്ന്.
ഒരു പാവം മനുഷ്യൻ, ഒരു സാധു. വണ്ടിയിൽ കയറുമ്പോൾ അധികം ഒന്നും സംസാരിച്ചില്ല എന്തെങ്കിലും ചോദിച്ചാലാണ് തിരിച്ചു പറയുക. അങ്ങനത്തെ ഒരു പാവം മനുഷ്യൻ. ഞാൻ അപ്പോ തന്നെ അയാളുടെ കോൺടാക്ട് നമ്പർ ഉണ്ടായിരുന്നു. ഞാൻ കോൺടാക്ട് ചെയ്യാൻ വേണ്ടി ശ്രമിച്ചു മെസ്സേജ് അയച്ചു. പക്ഷേ നിർഭാഗ്യവശാൽ കണ്ടില്ല അവിടുന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഡ്രാഗൺ ഇറങ്ങി. അത് വേറെ ലെവൽ ഹിറ്റ്. ഇപ്പോ ദേ ഡ്യൂഡ് മൂവി റിലീസ് ആയി. ഞാൻ ദേ ഇപ്പോ കണ്ടുവന്നിട്ടേ ഉള്ളൂ. കണ്ടപാടെ എനിക്ക്, സത്യം പറഞ്ഞു കഴിഞ്ഞാൽ ഭയങ്കര ഇമോഷണലാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങളോട് ഷെയർ ചെയ്യണമെന്ന് തോന്നി.
ഏഴു വർഷം മുന്നേ ഒരു സ്ക്രിപ്റ്റും പിടിച്ച് ഓടി നടന്നിരുന്ന ഒരാൾ ഇന്ന് തമിഴ് സിനിമയുടെ ഒരു സ്റ്റാർ ആയി നിൽക്കുക എന്ന് പറയുമ്പോൾ, അത് നമ്മൾ അറിയുന്ന ഒരാൾ, ഭയങ്കര അഭിമാനം തോന്നു. നമ്മൾ എന്തൊരു കാര്യത്തിനെയാണോ സ്ട്രോങ്ങ് ആയിട്ട് ഫോളോ ചെയ്യുന്നത്, ഒരുനാൾ നമുക്ക് അത് കിട്ടും. അതിന് ഞാൻ കണ്ട ഏറ്റവും വലിയ ഉദാഹരണമാണ് പ്രദീപ് രംഗനാഥൻ. അദ്ദേഹത്തെ ഓർത്ത് ഞാൻ ഒരുപാട് അഭിമാനിക്കുന്നു." ഫാസിൽ പറഞ്ഞവസാനിപ്പിച്ചു.
Content Highlights: A heartwarming story of Pradeep Ranganathan`s journey from an aspiring filmmaker to a celebrated Tamil youth star. Viral video shares his incredible rise.