എന്റർടെയ്ൻമെന്റ് പാക്കേജ് ആണ് വിജയ്, അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായാൽ വല്ലാതെ മിസ് ചെയ്യും -പ്രഭുദേവ

#സ്വന്തം ലേഖിക
പേട്ട റാപ്പ് എന്ന ചിത്രത്തിന്റെ റിലീസിനുമുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന നടൻ പ്രഭുദേവ | ഫോട്ടോ: മാതൃഭൂമി
പേട്ട റാപ്പ് എന്ന ചിത്രത്തിന്റെ റിലീസിനുമുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന നടൻ പ്രഭുദേവ | ഫോട്ടോ: മാതൃഭൂമി

രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന നടൻ വിജയിന്റെ സിനിമകളെ താനേറെ മിസ് ചെയ്യുമെന്ന് നടൻ പ്രഭുദേവ. തന്റെ ഏറ്റവും പുതിയ ചിത്രമായ പെട്ട റാപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എന്റർടെയ്ൻമെന്റ് പാക്കേജ് ആണ് വിജയ് എന്നും അതുകൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും സ്നേഹിക്കുന്നതെന്നും പ്രഭുദേവ പറഞ്ഞു.

"ഡാൻസ്, ആക്ഷൻ, റൊമാൻസ് അങ്ങനെ എല്ലാം അടങ്ങിയ എന്റർടെയ്ൻമെന്റ് പാക്കേജ് ആണ് വിജയ്. അതുകൊണ്ടാണ് എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ നമ്മളെല്ലാവരും അദ്ദേഹത്തെ മിസ് ചെയ്യും". പ്രഭുദേവ പറയുന്നു. മലയാളം ചിത്രങ്ങളെ താനേറെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഒടുവിൽ കണ്ടതിൽ വച്ച് ഏറെ ഇഷ്ടപ്പെട്ട ചിത്രം ഉർവശിയും പാർവതിയും അഭിനയിച്ച ഉള്ളൊഴുക്ക് ആണെന്നും പ്രഭുദേവ പറഞ്ഞു.

നായകൻ ആകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അച്ഛൻ കാരണം നായകനായ ആളാണ് താനെന്നും പറയുന്നു പ്രഭുദേവ.
"ആദ്യത്തെ രണ്ടുമൂന്ന് ചിത്രങ്ങളിൽ എന്ത് ചെയ്യണമെന്ന് പോലും എനിക്കറിയില്ലായിരുന്നു.  കോറിയോഗ്രഫി ചെയ്യുന്നത് താരതമ്യേന കുഴപ്പമില്ലായിരുന്നു രണ്ടുമൂന്ന് ദിവസം കൂടുമ്പോൾ വീട്ടിലെത്താം. നായകനായാൽ ദിവസങ്ങളോളം മാറി നിൽക്കണം. ഭയങ്കര ഹോം സിക്ക് ആയിരുന്നു. ചെറിയ പ്രായത്തിൽ സിനിമയിലെത്തിയതല്ലേ. പത്തൊമ്പതോ ഇരുപതോ വയസാണ് നായകനായി ചെയ്യുന്ന സമയത്ത്. അച്ഛനേയും അമ്മയേയും മിസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നായകൻ ആകണമെന്ന് ആഗ്രഹമേ ഇല്ലായിരുന്നു. പിന്നീട് ഒരു നാല് സിനിമ ഒക്കെ കഴിഞ്ഞപ്പോഴാണ് ഒന്ന് ശരിയായത്". പ്രഭുദേവ പറയുന്നു

എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പെട്ട റാപ്പിൽ വേദികയാണ് നായികയായെത്തുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സെപ്റ്റംബർ 27ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Content Highlights: prabhu deva about vijay and ullozhukku movie