‘നേതാജിയെ വികൃതമായി ചിത്രീകരിച്ചു'; പ്രഭാസിന്റെ ‘ഫൗജി’ ടീസർ വിവാദത്തിൽ

#മൂവീസ് ഡെസ്‌ക്
'ഫൗജി' ടീസറിൽനിന്ന് | Photo: Screen grab/ YouTube: T-Series Malayalam
'ഫൗജി' ടീസറിൽനിന്ന് | Photo: Screen grab/ YouTube: T-Series Malayalam

നടൻ പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'ഫൗജി'യുടെ ടീസർ വിവാദത്തിൽ. ചിത്രത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ ചിത്രീകരിച്ചിരിക്കുന്ന രീതി ചരിത്ര വസ്തുതകളെ വികൃതമാക്കുന്നതാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരപൗത്രൻ ചന്ദ്ര കുമാർ ബോസ് രംഗത്തെത്തി. ടീസർ പിൻവലിക്കണമെന്നും അണിയറപ്രവർത്തകർ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചരിത്രത്തെ കൽപിത കഥകളുമായി കൂട്ടിക്കലർത്തുന്നത് കുറ്റകരമാണെന്ന് ചന്ദ്ര കുമാർ ബോസ് അഭിപ്രായപ്പെട്ടു. സംവിധായകൻ ഹനു രാഘവപുടിയും നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും വിവാദമായ ടീസർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധ കാലത്തെ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ ടീസറിലെ ചില രംഗങ്ങളാണ് വിമർശനത്തിന് വഴിവെച്ചത്. 1942-ൽ ബെർലിനിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറെ കാണുന്ന രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. സംഭാഷണത്തിനിടെ, ബ്രിട്ടീഷുകാർക്ക് തലവേദന സൃഷ്ടിച്ച ഇന്ത്യൻ ചാരനെക്കുറിച്ചും ഭഗവദ്ഗീതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട രഹസ്യ കോഡിനെക്കുറിച്ചും നേതാജി ഹിറ്റ്‌ലറോട് സംസാരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പ്രധാന കഥാപാത്രമായ പ്രഭാസിന്റെ മാസ് ഇമേജ് ഉയർത്തിക്കാട്ടാൻ നേതാജിയെയും ഹിറ്റ്‌ലറെയും പോലുള്ള ചരിത്രപുരുഷന്മാരെ ഉപയോഗിച്ചതാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമായത്.

ചരിത്രപുരുഷന്മാരെയും അവരുടെ ത്യാഗങ്ങളെയും സിനിമയിലെ നായക കഥാപാത്രത്തെ പൊലിപ്പിക്കാനുള്ള കേവല ഉപകരണങ്ങളാക്കി മാറ്റുന്നത് അപമാനകരമാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു. എന്നാൽ ചിത്രം കൽപിത കഥയാണെന്നും കഥാപാത്രത്തിന് ചരിത്രത്തിൽനിന്ന് പ്രചോദനം മാത്രമാണ് ഉൾക്കൊണ്ടിട്ടുള്ളതെന്നും വ്യക്തമാക്കി പ്രഭാസ് ആരാധകർ ചിത്രത്തെ പിന്തുണയ്ക്കുന്നുമുണ്ട്.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന 'ഫൗജി' നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും ടി- സീരീസ് ഫിലിംസുമാണ്. പ്രഭാസിനൊപ്പം ഇമാൻവിയും അനുപം ഖേറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അടുത്ത വർഷം മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. വിവാദത്തിൽ നിർമാതാക്കളോ സംവിധായകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: The teaser for Prabhas' upcoming movie 'Fauzi' has run into controversy over its portrayal of Netaji Subhas Chandra Bose. Netaji's grandnephew Chandra Kumar Bose demanded the withdrawal of the teaser and a public apology from the filmmakers. Critics on social media took issue with scenes showing Netaji meeting Adolf Hitler and discussing a fictional Indian spy to elevate the hero's mass image. Fans defended the film, noting it is a fictional narrative merely inspired by historical events. Directed by Hanu Raghavapudi and produced by Mythri Movie Makers, 'Fauzi' also stars Imanvi and Anupam Kher, with a scheduled release on March 19.