ദീപികാ പദുക്കോണിനെ രണ്ട് ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ പ്രഭാസോ?

പ്രഭാസ്, ദീപികാ പദുക്കോൺ | Photos: PTI, AFP
പ്രഭാസ്, ദീപികാ പദുക്കോൺ | Photos: PTI, AFP

കല്‍ക്കി 2 എന്ന ചിത്രത്തില്‍ ബോളിവുഡ് നടി ദീപികാ പദുക്കോണ്‍ ഉണ്ടാകില്ല എന്ന റിപ്പോര്‍ട്ടാണ് സമീപകാലത്ത് ഇന്ത്യന്‍ ചലച്ചിത്രലോകം ഞെട്ടലോടെ കേട്ട വാര്‍ത്ത. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് താരം പുറത്തുപോയതിന് പിന്നിലെ കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല. ഉയര്‍ന്ന പ്രതിഫലവും കുറഞ്ഞ ജോലി സമയവുമെല്ലാമാണ് കാരണമെന്നാണ് ഇതേക്കുറിച്ച് പരന്ന അഭ്യൂഹങ്ങള്‍.

നേരത്തേ സ്പിരിറ്റ് എന്ന ചിത്രത്തില്‍ നിന്നും ദീപികാ പദുക്കോണ്‍ ഒഴിവാക്കപ്പെട്ടിരുന്നു. സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയാണ് താരത്തെ പുറത്താക്കിയത് എന്നാണ് അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. ദീപിക മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന് കാരണത്താലാണ് അവരെ ഒഴിവാക്കിയതെന്നും അന്ന് വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദീപികാ പദുക്കോണിനെ പുറത്താക്കിയതിന് പിന്നില്‍ പ്രഭാസോ?

രണ്ട് ചിത്രങ്ങളിലും നായകനായി എത്തുന്നത് തെലുങ്ക് താരം പ്രഭാസാണ്. ഇപ്പോഴിതാ, ദീപികാ പദുക്കോണിന് രണ്ട് ചിത്രങ്ങളില്‍ നിന്നും പുറത്ത് പോകേണ്ടിവന്നതിന് കാരണം പ്രഭാസാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ നിന്നും ദീപികയെ പുറത്താക്കിയതിന് പിന്നില്‍ പ്രഭാസിനും പങ്കുണ്ടെന്നാണ് ദീപികാ പദുക്കോണിന്റെ ആരാധകര്‍ സംശയിക്കുന്നത് എന്ന് ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭാസ് ഇടപെട്ടിരുന്നെങ്കില്‍ ദീപികാ പദുക്കോണിനെ സംവിധായകര്‍ ഒഴിവാക്കില്ലായിരുന്നു എന്നാണ് 'ഫാന്‍സ് തിയറി'. വിവരം അറിഞ്ഞിട്ടും ഇടപെടാതിരുന്നതിലൂടെ ദീപികയെ പുറത്താക്കാനുള്ള അണിയറക്കാരുടെ തീരുമാനത്തെ പ്രഭാസ് പരോക്ഷമായി പിന്തുണയ്ക്കുകയായിരുന്നുവെന്നും ആരാധകര്‍ വാദിക്കുന്നുവെന്നും ഗ്രേറ്റ് ആന്ധ്ര പറയുന്നു.

Also Read: 'കൽക്കി 2' വിവാദത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ദീപികാ പദുക്കോൺ; ഷാരൂഖ് ചിത്രം ഷൂട്ടിങ് തുടങ്ങി

എന്നാല്‍ ആരാധകരുടെ വാദം അടിസ്ഥാനരഹിതമാണെന്ന് പ്രഭാസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായും ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ അഭിനയിക്കുന്ന സിനിമകളിലെ കാസ്റ്റിങ്ങില്‍ പ്രഭാസ് ഒരിക്കലും ഇടപെടാറില്ല. അതിനാല്‍ സംവിധായകരും നിര്‍മാതാക്കളും ദീപികാ പദുക്കോണുമായി നടത്തിയ ചര്‍ച്ചകളില്‍ നിന്ന് പ്രഭാസ് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും വൃത്തങ്ങള്‍ പറയുന്നു.

കല്‍ക്കിയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ദീപികയെ ഒഴിവാക്കിയെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവിസ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ആദ്യഭാഗമായ കല്‍ക്കി 2898 എഡി എന്ന ചിത്രത്തില്‍ സുമതി എന്ന കഥാപാത്രമായാണ് ദീപികാ പദുക്കോണ്‍ എത്തിയത്. വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തങ്ങള്‍ വഴിപിരിയാന്‍ തീരുമാനിച്ചതെന്നും വൈജയന്തി മൂവീസ് അറിയിച്ചിരുന്നു. പ്രതിഫലം സംബന്ധിച്ച തര്‍ക്കം, ജോലിസമയം എന്നിവയിലെ ആശയക്കുഴപ്പമാണ് ദീപികയുടെ പുറത്താകലിലേക്ക് നയിച്ചതെന്നും പിന്നാലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.