രവി അങ്ങനെ 'പൂജപ്പുര രവി'യായി

#ടി.രാമാനന്ദകുമാര്‍
സ്പനലോകം എന്ന സിനിമയില്‍ സത്താറിനൊപ്പം പൂജപ്പുര രവി
സ്പനലോകം എന്ന സിനിമയില്‍ സത്താറിനൊപ്പം പൂജപ്പുര രവി

തിരുവനന്തപുരം: മലയാളത്തിലെ സ്ഥിരം നാടകവേദിയായ കലാനിലയത്തിലൂടെയാണ് പൂജപ്പുര രവിയെന്ന നടന്‍ വെള്ളിത്തിരയിലേക്ക് നടന്നു കയറിയത്. പൂജപ്പുരയെന്ന സ്ഥലനാമം പേരിന് ആഭരണമായതും കലാനിലയത്തിലൂടെയായിരുന്നു.

കേരളക്കര ഒരേസമയം സ്നേഹിക്കുകയും മനസ്സില്‍ പേടിക്കുകയും ചെയ്ത കലാനിലയത്തിന്റെ 'രക്തരക്ഷസ്' എന്ന നാടകത്തിലെ ചീനു പട്ടര്‍ എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്.

തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഹാസ്യ പ്രധാനമുള്ള ആ വേഷം പതിനായിരക്കണക്കിന് വേദികളില്‍ അദ്ദേഹം അവതരിപ്പിച്ചു. നാടകത്തിലെ ചീനു പട്ടര്‍ എന്ന കഥാപാത്രം പറയുന്ന 'തിരസ്‌കരണി' എന്ന ഡയലോഗ് എന്നും പ്രേക്ഷകര്‍ മനസ്സില്‍ സൂക്ഷിച്ചു. കൈവിട്ടാല്‍ പാളിപ്പോകുമായിരുന്ന ആ കഥാപാത്രത്തെ അദ്ദേഹം കൈയ്യടക്കത്തോടെ അരങ്ങില്‍ അവതരിപ്പിച്ചുവെന്ന് അക്കാലത്ത് നാടകം കണ്ടവര്‍ ഓര്‍മിച്ചിരുന്നു. കലാനിലയത്തിന്റെ 'കടമറ്റത്തു കത്തനാര്‍', 'നാരദന്‍ കേരളത്തില്‍' തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങളെയും അദ്ദേഹം അനശ്വരമാക്കി.

അന്ന് രവി എന്ന പേര് സാധാരണമായിരുന്നു. കലാനിലയത്തില്‍ ഒരുപാട് രവിമാര്‍ ഉണ്ടായിരുന്നു. രവി എന്ന് കലാനിലയം കൃഷ്ണന്‍ നായര്‍ വിളിക്കുമ്പോള്‍ ടെയിലര്‍ രവി, കണക്കപ്പിള്ള രവി, മേക്കപ്പ് രവി, ലൈറ്റ് രവി തുടങ്ങി എല്ലാ രവികളും അദ്ദേഹത്തിന്റെ മുന്നിലെത്തും. രവിമാരില്‍ നിന്ന് നടന്‍ രവിയെ തിരിച്ചറിയാന്‍ കൃഷ്ണന്‍ നായര്‍ 'പൂജപ്പുര രവി' എന്ന് വിളിച്ച് തുടങ്ങി. ആ പേര് പിന്നീട് മലയാള സിനിമയിലെ പ്രശസ്ത നാമമായി. അദ്ദേഹത്തിന്റെ ഭാര്യ തങ്കമ്മയും കലാനിലയത്തിലെ അഭിനേത്രി ആയിരുന്നു.

രക്തരക്ഷസ് നാടകം കോഴിക്കോട്ട് കളിക്കുമ്പോള്‍ കാണാന്‍ സിനിമാ സംവിധായകന്‍ ഹരിഹരനും, നിര്‍മാതാവ് പി.വി.ഗംഗാധരനും നിരവധി തവണ എത്തുമായിരുന്നു. രണ്ടുപേര്‍ക്കും പൂജപ്പുര രവിയുടെ ഹാസ്യപ്രകടനം ഇഷ്ടമാകുകയും 'അമ്മിണി അമ്മാവന്‍' എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആ സിനിമയിലും ഒരു ബ്രാഹ്മണന്റെ വേഷമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണന്‍ നായരുടെ അനുമതിയോടെയാണ് സിനിമയില്‍ അദ്ദേഹം അഭിനയിക്കാന്‍ പോയതെന്ന് കലാനിലയത്തിന്റെ ചെറുമകള്‍ ബിന്ദു രവി അനുസ്മരിച്ചു.

Content Highlights: poojappura ravi passed away, life story, films, malayalam movies, theater, raktharakshas