സഹോദരന്‍മാര്‍ തിരുവനന്തപുരത്തേക്ക് പോയി ഉടന്‍ പൂജപ്പുര യാത്രയായി

പൂജപ്പുര രവി| Photo: S Sreekesh
പൂജപ്പുര രവി| Photo: S Sreekesh

മറയൂര്‍: കാണാന്‍വന്ന സഹോദരന്‍മാര്‍ മടങ്ങി നാലുമണിക്കൂറിനകം പൂജപ്പുര രവി വിടപറഞ്ഞു. വ്യാഴാഴ്ചയാണ് സുകുമാരന്‍ നായര്‍, അരവിന്ദാക്ഷന്‍ നായര്‍ എന്നിവര്‍ മൂത്തസഹോദരനായ പൂജപ്പുര രവിയെ കാണുവാന്‍ മറയൂരിലെത്തിയത്.

അപ്പോള്‍ പൂജപ്പുര രവി ഏറെ സന്തോഷവാനായിരുന്നു. രണ്ടുദിവസവും സഹോദരന്‍മാരുമായി മണിക്കൂറോളം സംസാരിച്ചിരുന്നു. ശനിയാഴ്ച രാത്രി 11-നാണ് കിടന്നത്. ഞായറാഴ്ച രാവിലെ ആറുമണിക്കുള്ള തിരുവനന്തപുരം ബസില്‍ സഹോദരങ്ങള്‍ പോയി. ഇതോടെ അദ്ദേഹത്തിന് വിഷമമായി. ശ്വാസതടസ്സം കൂടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടോടെ മരിച്ചു. സഹോദരന്‍മാര്‍ ജ്യേഷ്ഠന്റെ മരണവാര്‍ത്തയറിഞ്ഞത് തിരുവനന്തപുരത്തേക്കുള്ള ബസില്‍വെച്ചാണ്.

വീണ്ടും അനന്തപുരിയില്‍

മറയൂര്‍: നല്ലസ്ഥലം, ശുദ്ധമായ വായു. മറയൂരില്‍ താമസിക്കാന്‍ പറ്റിയത് ഭാഗ്യമായി കരുതുന്നതായി പൂജപ്പുര രവി എപ്പോഴും പറയുമായിരുന്നു. പക്ഷേ, ഡിസംബറിലെ തണുപ്പിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. പൂജപ്പുര വിട്ടുവരുന്നതില്‍ വിഷമമുണ്ടോയെന്ന് മുമ്പ് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ- 'മരുവുമൊരു വനമേ മാതൃഭൂ എന്നുവന്നാല്‍ പെരുകുമവനോടതിങ്കല്‍ സ്‌നേഹം'.

2016-ലാണ് ഭാര്യ തങ്കമ്മ മരിച്ചത്.

Content Highlights: poojappura ravi passed away, poojappura ravi films, malayalam movies