'ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല'; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ

നടൻ ടിനി ടോമിനെതിരായ നടി അൻസിബ ഹസന്റെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേത മേനോൻ പോലീസിന് മൊഴി നൽകി. കടവന്ത്ര പോലീസാണ് ഈ കേസിൽ പ്രാഥമിക അന്വേഷണം നടത്തുന്നത്.
തനിക്കെതിരെ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്നും തന്നെ 'ജിഹാദി' എന്ന് വിളിച്ചെന്നുമാണ് അൻസിബ ഹസൻ പരാതി നൽകിയിരിക്കുന്നത്. കൂടാതെ, താൻ ചിലരെ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി ടോം ആരോപിച്ചതായും ഈ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഈ പരാതിയുമായി ബന്ധപ്പെട്ടാണ് ശ്വേത മേനോന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ടിനി ടോം അത്തരത്തിൽ വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ടിനി ടോം പറഞ്ഞതിനെക്കുറിച്ചോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് ശ്വേത കടവന്ത്ര പോലീസിന് നൽകിയ മൊഴി.
ഈ കേസിൽ നടി നീന കുറുപ്പിന്റെയും ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ മകന്റെയും മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയായ അൻസിബയുടെ മൊഴിയായിരുന്നു പോലീസ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. ഉടൻ തന്നെ ടിനി ടോമിനെയും വിളിപ്പിച്ച് മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനുശേഷം പോലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളും കേസെടുക്കുന്ന കാര്യവും തീരുമാനിക്കുക.
നേരത്തെ ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിതാ എസ്ഐക്കും എതിരെ തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചു എന്നാരോപിച്ച് അൻസിബ മറ്റൊരു പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് നൽകിയിരുന്നത്. ഇപ്പോൾ ടിനി ടോമിനെതിരായ മറ്റൊരു പരാതിയിലാണ് കടവന്ത്ര പോലീസ് ഇപ്പോൾ പ്രാഥമിക അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
Content Highlights: AMMA President Shwetha Menon has informed the Kadavanthra police that she is unaware of the alleged communal remarks made by actor Tiny Tom against actress Ansiba Hassan, as the police intensify their investigation into the complaint.