OG റിലീസ്: അനുമതിയില്ലാതെ സ്റ്റേജ് കെട്ടി, ഡിജെ പാർട്ടി സംഘടിപ്പിക്കാൻ ശ്രമിച്ചു; പവൻ കല്യാൺ ആരാധകർക്കെതിരെ കേസ്

ബെംഗളൂരു: നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ആരാധകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ബെംഗളൂരു പോലീസ്. സിനിമയുടെ റിലീസിന് മുന്നോടിയായി അനുമതിയില്ലാതെ ആഘോഷപരിപാടി സംഘടിപ്പിച്ചതാണ് കേസിന് ആധാരം. അതേസമയം വ്യാഴാഴ്ച റിലീസ് ചെയ്ത 'OG' ബോക്സോഫീസിൽ മികച്ച പ്രകടനം നടത്തുകയാണ്.
'OG'യുടെ തിയേറ്റർ റിലീസിന് മുന്നോടിയായി ബുധനാഴ്ച രാജ്യത്തെ വിവിധയിടങ്ങളിൽ പെയ്ഡ് പ്രിവ്യൂ ഷോകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബെംഗളൂരുവിനടുത്ത് മഡിവാളയിലെ സന്ധ്യ തിയേറ്ററിലും ഷോ നടത്തിയിരുന്നു. ബെംഗളൂരുവിലെ പവൻ കല്യാൺ ഫാൻസ് അസോസിയേഷൻ സന്ധ്യ തിയേറ്ററിന് പുറത്ത് സ്റ്റേജ് കെട്ടി ആഘോഷം നടത്താൻ പദ്ധതിയിട്ടു. ഇതിന് അധികൃതരുടെ അനുമതിയുണ്ടായിരുന്നില്ല. സംഘാടകർ തിയേറ്ററിന് പുറത്ത് ഒരു സ്റ്റേജും ഡിജെ സംവിധാനവും സ്ഥാപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
അനുമതിയില്ലാതെ ആഘോഷ പരിപാടി നടത്തുന്നുവെന്ന് വിവരം ലഭിച്ചെത്തിയ പോലീസ് ആരാധകസംഘം തയ്യാറാക്കിയ സജ്ജീകരണങ്ങൾ നീക്കംചെയ്തു. സിറ്റി കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് മഡിവാള പോലീസ് സംഘാടകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
"വിവരം അറിഞ്ഞയുടൻ ഞങ്ങൾ സ്ഥലത്തെത്തി ബുധനാഴ്ച ഉച്ചഭാഷിണികൾ പിടിച്ചെടുക്കുകയും സ്റ്റേജ് പൊളിച്ചുമാറ്റാൻ സംഘാടകരോട് ആവശ്യപ്പെടുകയും ചെയ്തു," ഒരു പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. നേരത്തെ പ്രാദേശിക സംഘടനയായ കർണാടക രക്ഷാണ വേദികെ (കെആർവി) പ്രവർത്തകർ പരിപാടിയെ എതിർത്ത് രംഗത്തെത്തിയപ്പോഴും സംഘർഷാവസ്ഥ നിലനിന്നിരുന്നു.
'ദേ കോൾ ഹിം ഓജി' എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സുജീത് സംവിധാനംചെയ്ത ചിത്രം പവൻ കല്യാണിന്റെ കരിയറിലെ ഏറ്റവും വലിയ മാസ് ചിത്രമാണ്. ഇന്ത്യയിലുടനീളമുള്ള പവൻ കല്യാൺ ആരാധകർ ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കിയിരുന്നു. ഇമ്രാൻ ഹാഷ്മിയുടെ തെലുങ്ക് സിനിമാ അരങ്ങേറ്റം കൂടിയാണ് ഒ.ജി. പ്രിയങ്ക മോഹൻ, അർജുൻ ദാസ്, ശ്രിയ റെഡ്ഡി, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും, ആദ്യ ദിനം നൂറുകോടിക്കടുത്ത് കളക്ഷൻ നേടി.
Content Highlights: Pawan Kalyan`s `OG` film release sparks controversy as fans face FIR in Bengaluru for unauthorized stage event. Police dismantle arrangements. Mixed reviews but box office success.