‘കസബയ്‌ക്കെതിരെ സംസാരിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീടൊരിക്കലും തോന്നിയിട്ടില്ല’- ആരാധകനോട് പാർവതി

ഗീതു മോഹന്‍ദാസും പാര്‍വതി തിരുവോത്തും/ പാര്‍വതി തിരുവോത്ത്‌ | Photo: x/ facebook/ parvathy
ഗീതു മോഹന്‍ദാസും പാര്‍വതി തിരുവോത്തും/ പാര്‍വതി തിരുവോത്ത്‌ | Photo: x/ facebook/ parvathy

'കസബ' വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ വാക്കാണ് 'സേ ഇറ്റ്'. കസബയിലെ സ്ത്രീവിരുദ്ധതത ചർച്ച ചെയ്തപ്പോൾ സിനിമയുടെ പേര് പറയാതിരുന്ന നടി പാർവതി തിരുവോത്തിനോട് 'സേ ഇറ്റ്' എന്ന് പറഞ്ഞ് പേര് പറയാൻ ഗീതു മോഹൻദാസ് പ്രേരിപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ ഒരാളുടെ പരിഹാസത്തിന് മറുപടി നൽകിയിരിക്കുകയാണ് പാർവതി. നടുവിരൽ ഉയർത്തിയായിരുന്നു പാർവതിയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് 'സേ ഇറ്റ്' എന്ന് ഒരാൾ കുറിച്ചത്. ഒരു വീഡിയോയിലൂടെയാണ് താരം ഇതിന് മറുപടി നൽകിയത്. കൈവിരലുകൾ പതുക്കെ ഉയർത്തി ഒടുവിൽ നടുവിരൽ കാണിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ടുള്ള മറ്റൊരു ചോദ്യത്തിനും പാർവതി മറുപടി നൽകി. അന്ന് കസബയ്‌ക്കെതിരെ ആ വിമർശനം നടത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. 'ഇല്ല' എന്നാണ് നടി അതിന് നൽകിയ ഉത്തരം.

അതേസമയം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടോക്‌സിക്കിന്റെ ടീസർ പുറത്തുവന്നപ്പോൾ വലിയ വിമർശനങ്ങളുണ്ടായിരുന്നു. സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിക്കുന്ന വ്യക്തി സ്വന്തം സിനിമയിൽ അത് മറന്നുപോയെന്നായിരുന്നു ആളുകളുടെ പ്രതികരണം. അതേസമയം ടോക്‌സിക് ടീസറിനെ കുറിച്ച് പാർവതി പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല.

Content Highlights: parvathy thiruvothu responds to say it comment and kasaba controversy