ബോളിവുഡിൽ വീണ്ടും വൻ പ്രൊജക്ടുമായി പാർവതി തിരുവോത്ത്; കാർത്തിക് ആര്യൻ ചിത്രത്തിൽ നായിക

#Movies Desk
പാർവതി തിരുവോത്ത് | ചിത്രം: മാതൃഭൂമി
പാർവതി തിരുവോത്ത് | ചിത്രം: മാതൃഭൂമി

ഷിമിത് അമീൻ സംവിധാനം ചെയ്യുന്ന ഏവിയേഷൻ ത്രില്ലർ ചിത്രമായ 'ക്യാപ്റ്റൻ ഇന്ത്യ'യിൽ മലയാളി നടി പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ. ബോളിവുഡ് താരം കാർത്തിക് ആര്യൻ നായകനാകുന്ന ചിത്രത്തിൽ ഏറെ നിർണായകമായ കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നതെന്നാണ് വിവരം. കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

യുദ്ധക്കെടുതിയിലായ രാജ്യത്തുനിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച പൈലറ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന പൈലറ്റിന്റെ വേഷത്തിലാണ് കാർത്തിക് ആര്യൻ എത്തുന്നത്. ഹർമൻ ബവേജയുടെ ബവേജ സ്റ്റുഡിയോസും ഭൂഷൺ കുമാറിന്റെ ടി- സീരീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ പ്രമേയത്തിൽ പാർവതിയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പാർവതി, 2017-ൽ ഇർഫാൻ ഖാനൊപ്പം അഭിനയിച്ച 'ഖരീബ് ഖരീബ് സിംഗിൾ' എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'കഡക് സിങ്', 'തു യാ മേ' എന്നീ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. ഹൃതിക് റോഷൻ പ്രൈം വീഡിയോയ്ക്കായി നിർമിക്കുന്ന 'സ്റ്റോം' എന്ന വെബ് സീരീസിലും പാർവതി വേഷമിടുന്നുണ്ട്.

കബീർ ഖാന്റെ സ്‌പോർട്‌സ് ഡ്രാമയുടെ ചിത്രീകരണം സെപ്റ്റംബർ ആദ്യവാരത്തോടെ പൂർത്തിയാക്കിയ ശേഷം കാർത്തിക് ആര്യൻ 'ക്യാപ്റ്റൻ ഇന്ത്യ'യിൽ ചേരും. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

Content Highlights: Parvathy Thiruvothu plays a crucial role in the aviation thriller 'Captain India', Kartik Aaryan stars as the lead pilot leading a rescue mission in a war-torn country, The film is directed by Shimit Amin and jointly produced by Baweja Studios and T-Series, This marks Parvathy's return to Bollywood after notable performances in 'Qarib Qarib Singlle' and 'Kadak Singh'