ഡബ്ല്യു.സി.സിയെച്ചൊല്ലി തര്‍ക്കം; പൊതുവേദിയില്‍ വാക്‌പോരുമായി പാര്‍വതിയും ഭാഗ്യലക്ഷ്മിയും

പാര്‍വതി തിരുവോത്ത്, ഭാഗ്യലക്ഷ്മി | Photo: Mathrubhumi
പാര്‍വതി തിരുവോത്ത്, ഭാഗ്യലക്ഷ്മി | Photo: Mathrubhumi

'വുമണ്‍ ഇന്‍ സിനിമ കലക്ടീവി'നെച്ചൊല്ലി പൊതുവേദിയില്‍ വാക്‌പോരുമായി പാര്‍വതി തിരുവോത്തും ഭാഗ്യലക്ഷ്മിയും. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ ഡബ്ല്യു.സി.സി. കുറച്ചുകൂടി ഇടപെടലുകള്‍ നടത്തണമെന്ന് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടപ്പോള്‍ പാര്‍വതിയുടെ മറുചോദ്യമാണ് വാക്കുതര്‍ക്കത്തിന് ഇടയാക്കിയത്. എന്തുകൊണ്ട് ഡബ്യു.സി.സിയുടെ ഭാഗമായില്ലെന്ന് പാര്‍വതി ചോദിച്ചപ്പോള്‍ ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞതോടെ അവതാരക ഇടപെട്ട് ചര്‍ച്ച അവസാനിപ്പിക്കയായിരുന്നു.

'സ്ത്രീയും സിനിമയും' എന്ന വിഷയത്തിലെ ചര്‍ച്ചയ്‌ക്കൊടുവില്‍ സദസ്സിലുള്ളവര്‍ക്ക് ചോദ്യംചോദിക്കാന്‍ അവസരം നല്‍കിയിരുന്നു. പലരുടേയും ചോദ്യങ്ങള്‍ക്ക് പാര്‍വതി മറുപടി പറഞ്ഞു. പിന്നാലെയാണ് ഏറ്റവും ഒടുവില്‍ തനിക്ക് ചോദ്യങ്ങളല്ല, ചില നിര്‍ദേശങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് അറിയിച്ച് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.

ഡബ്ല്യു.സി.സി. കുറച്ചുകൂടി ആളുകള്‍ക്ക് സംരക്ഷണം നല്‍കുന്ന രീതിയിലാവണമെന്ന് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. സിനിമ മേഖലയില്‍ അതിക്രമം നേരിടുന്ന സ്ത്രീകളുമായി കുറച്ചുസമയം ചെലവഴിക്കാനും അവരെ ഉള്‍ക്കൊള്ളാനും സംഘടന തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡബ്ല്യു.സി.സിയെ സമീപിക്കാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പലരും തന്നോട് പറഞ്ഞകാര്യവും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.

ഇതിന് മറുപടിയായാണ് പാര്‍വതി മറുചോദ്യം ഉന്നയിച്ചത്. നിങ്ങള്‍ക്ക് എന്നെ നന്നായി അറിയാമെന്നും ഫോണ്‍ നമ്പര്‍ കിട്ടാന്‍ പ്രയാസമുണ്ടാകില്ലെന്നും പറഞ്ഞ പാര്‍വതി, എന്തുകൊണ്ട് ഭാഗ്യലക്ഷ്മി ഡബ്ല്യു.സി.സിയില്‍ ചേര്‍ന്നില്ലെന്ന് ചോദിച്ചു. കരഘോഷത്തോടെയാണ് കാണികള്‍ പാര്‍വതിയുടെ മറുചോദ്യത്തെ സ്വീകരിച്ചത്. പിന്നാലെ താന്‍ എന്തുകൊണ്ട് ഡബ്ല്യു.സി.സിയുടെ ഭാഗമായില്ലെന്ന് വ്യക്തമാക്കി.

'മന്ത്രിയെ കാണാന്‍ പോകാമെന്ന് തന്നോട് സംസാരിച്ചിട്ട്, പിന്നീട് ടെലിവിഷനിലാണ് താന്‍ ഇവര്‍ മന്ത്രിയെ കണ്ടവിവരം അറിയുന്നത്. എന്തുകൊണ്ട് എന്നെ വിളിച്ചില്ല എന്ന് ചോദിച്ചു. നിങ്ങളെ ഇതില്‍ കൂട്ടേണ്ടെന്ന് തങ്ങളില്‍ ചിലര്‍ താത്പര്യപ്പെട്ടു എന്ന് നിങ്ങളുടെ കൂട്ടത്തില്‍ ഉള്ളവര്‍ പറഞ്ഞപ്പോള്‍, എന്നെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒഴിവാക്കിക്കോളൂ. അതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു', എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.

ഇതിന് മറുപടി പറഞ്ഞ പാര്‍വതി തങ്ങള്‍ക്ക് വാതിലുകളില്ലെന്ന് കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും വരാവുന്ന ഇടമാണ് തങ്ങളുടേത്. വിമര്‍ശിക്കുന്നവര്‍ പോലും കടന്നുവരണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Content Highlights: Parvathy and Bhagyalakshmi engaged in a public debate regarding Women in Cinema Collective