ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് അന്തരിച്ചു

പാര്‍ഥോ ഘോഷ്‌ | Photo: X/ Mukesh J Bharti
പാര്‍ഥോ ഘോഷ്‌ | Photo: X/ Mukesh J Bharti

ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് (75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. 15-ലേറെ ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്.

1985-ല്‍ സഹസംവിധായകനായാണ് പാര്‍ഥോ ഘോഷിന്റെ തുടക്കം. 1991-ല്‍ പുറത്തിറങ്ങിയ '100 ഡേയ്‌സ്' ആണ് ആദ്യചിത്രം. ജാക്കി ഷെറോഫ്, മാധുരി ദീക്ഷിത് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.

കൗശല്‍ ഭാരതിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി സംവിധാനംചെയ്ത 'ദലാല്‍' വലിയ വാണിജ്യവിജയമായി. നാനാ പടേക്കര്‍, ജാക്കി ഷെറോഫ്, മനീഷ കൊയ്‌രാള എന്നിവര്‍ അഭിനയിച്ച 'അഗ്നിസാക്ഷി' പാര്‍ഥോ ഘോഷിനെ കൂടുതല്‍ പ്രശസ്തനാക്കി.

മലയാളത്തിലെ ഹിറ്റ് ചിത്രമായ 'നമ്പര്‍ 20 മദ്രാസ് മെയിലി'ന്റെ ഹിന്ദി റീമേക്കായ 'തീസ്‌രാ കോന്‍' സംവിധാനംചെയ്തത് പാര്‍ഥോ ഘോഷ് ആണ്. 2018-ലാണ് പാര്‍ഥോ ഘോഷിന്റെ അവസാനചിത്രം പുറത്തിറങ്ങിയത്.

Content Highlights: Renowned Hindi-Bengali film director Partho Ghosh passed away at 75