നെറ്റ്ഫ്‌ളിക്‌സിന്റെ നീക്കം അട്ടിമറിച്ച് പാരമൗണ്ട്; വാർണർ ബ്രദേഴ്സ് ഡിസ്‌കവറിയെ ഏറ്റെടുക്കും

ഹോളിവുഡ് സ്റ്റുഡിയോ വാർണർ ബ്രദേഴ്സ് ഡിസ്‌കവറിയും അതിന്റെ ആസ്തികളും പാരമൗണ്ട് ഏറ്റെടുക്കും. സ്റ്റുഡിയോ ഏറ്റെടുക്കാനുള്ള നീക്കങ്ങളിൽനിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറി ദിവസങ്ങൾക്ക് ശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വരുന്നത്. 110 ബില്യൺ (11,000 കോടി) ഡോളറിന്റേതാണ് ഇടപാട്. വാർണർ ബ്രദേഴ്സ് ഡിസ്‌കവറിയെ ഏറ്റെടുക്കാനുള്ള നടപടികൾ പാരമൗണ്ട് സ്‌കൈഡാൻസ് പൂർത്തിയാക്കിയതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
സിഎൻഎൻ, സിബിഎസ് തുടങ്ങിയ പ്രധാന സ്റ്റുഡിയോകളെയും നെറ്റ്‌വർക്കുകളെയും സംയോജിപ്പിക്കുന്ന ശക്തമായ സ്ഥാപനത്തിന്റെ രൂപവതകരണത്തിന് വഴിയൊരുക്കുന്നതാണ് ലയനം. ഇവരുടെ സ്ട്രീമിങ് പരമ്പരാഗത ടെലിവിഷൻ പ്രേക്ഷകരെ വൻതോതിൽ ആകർഷിക്കുമെന്നും വിനോദ വ്യവസായത്തെതന്നെ മാറ്റിമറിക്കുമെന്നും വിലയിരുത്തപ്പെടുന്നു. പുതിയ സ്ഥാപനം 15,000-ത്തിലധികം സിനിമകൾ, ടിവി, സ്ട്രീമിങ് ടൈറ്റിലുകൾ എന്നിവയുടെ വമ്പൻ ലൈബ്രറിയുമായി മാറും. ഗെയിം ഓഫ് ത്രോൺസ്, മിഷൻ ഇംപോസിബിൾ, ഹാരി പോട്ടർ, ഡിസി യൂണിവേഴ്‌സ് തുടങ്ങിയവയടക്കം ഉൾപ്പെടുന്നതായിരിക്കും ലൈബ്രറി.
ഈ ഏറ്റെടുക്കലിനായി സ്ട്രീമിങ് രംഗത്തെ മുൻനിര കമ്പനിയായ നെറ്റ്ഫ്‌ളിക്‌സ് മാസങ്ങളായി രംഗത്തുണ്ടായിരുന്നു. വാർണർ ബ്രദേഴ്സ് ഡിസ്‌കവറിയുടെ സ്റ്റുഡിയോ, സ്ട്രീമിങ് ആസ്തികൾക്കായി ഒരു ഷെയറിന് 27.75 ഡോളർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പാരമൗണ്ട് ഒരു ഷെയറിന് 31 ഡോളർ വാഗ്ദാനം ചെയ്ത് നെറ്റ്ഫ്‌ളിക്‌സിന്റെ നീക്കം അട്ടിമറിച്ചു. വാർണർ ബ്രദേഴ്സിന്റെ സ്റ്റുഡിയോ, സ്ട്രീമിംഗ് ആസ്തികൾ എന്നിവ മാത്രമാണ് നെറ്റ്ഫ്‌ളിക്‌സ് വാങ്ങാൻ തയ്യാറായതെങ്കിൽ പാരമൗണ്ട് മുഴുവൻ കമ്പനിയെയും വാങ്ങാൻ സന്നദ്ധരായി.
വാർണർ ബ്രദേഴ്സ് ഡിസ്‌കവറി അധികൃതർ നെറ്റ്ഫ്‌ളിക്‌സിന് മെച്ചപ്പെട്ട ഓഫർ നൽകാൻ നാല് ദിവസം സമയം നൽകിയിരുന്നു. എന്നാൽ കമ്പനി അത് നിരസിച്ചു. അതിനിടെ പാരമൗണ്ടിൽ നിന്ന് മികച്ച ഓഫർ ലഭിച്ചതോടെ രണ്ട് ദിവസംനീണ്ട ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനത്തിലേക്ക് നീങ്ങുകയായിരുന്നു.
വാർണർ ബ്രദേഴ്സ് ഓഹരിയുടമകൾ 2026-ന്റെ തുടക്കത്തിൽ നിർദ്ദിഷ്ട ലയനം സംബന്ധിച്ച് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് സ്റ്റുഡിയോകളും നിലനിർത്താനും വർഷത്തിൽ കുറഞ്ഞത് 30 സിനിമകളെങ്കിലും നിർമ്മിക്കാനും പുതിയ കമ്പനി തീരുമാനിച്ചിട്ടുണ്ട്. അതിനിടെ, വമ്പൻ ഹോളിവുഡ് സ്റ്റുഡിയോകൾ ഒന്നിക്കുന്നത് ജോലികൾ നഷ്ടപ്പെടുത്തുമെന്ന ആശങ്ക സിനിമാ മേഖലയിൽ ഉയർന്നിട്ടുണ്ട്. ലയനം തടയണമെന്ന ആവശ്യവുമായി ടെലിവിഷൻ - സിനിമ എഴുത്തുകാരടക്കം അംഗങ്ങളായ റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Paramount Skydance has finalized a $110 billion deal to acquire Warner Bros. Discovery., The merger creates a media powerhouse, combining major studios and networks like CNN and CBS