കലാകാരന്മാർ ഫാക്ടറി ഉത്പന്നങ്ങളല്ല, ബ്രേക്ക് അനിവാര്യം; അരിജിത്തിനെ പിന്തുണച്ച് പങ്കജ് ത്രിപാഠി

#Movies Desk
പങ്കജ് ത്രിപാഠി, അരിജിത് സിങ്
പങ്കജ് ത്രിപാഠി, അരിജിത് സിങ്

അടുത്തിടെയാണ് ബോളിവുഡ‍ിൽ ഹിറ്റ്ഗാനങ്ങൾ സമ്മാനിച്ച അരിജിത് സിങ് സിനിമാ പിന്നണി ഗാനം ഉപേക്ഷിക്കുന്നുവെന്ന് അറിയിച്ചത്. നിരവധിപേരാണ് അരിജിത്തിന്റെ തീരുമാനം ഹൃദയഭേദകമാണെന്ന് പങ്കുവെച്ചത്. താരത്തിന്റെ തീരുമാനത്തെ പിന്തുണച്ചും എതിർത്തുമൊക്കെ താരങ്ങൾ ഉൾപ്പെടെയുള്ളവർ സാമൂഹികമാധ്യമത്തിൽ കുറിച്ചു. ഇപ്പോഴിതാ അരിജിത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ പങ്കജ് ത്രിപാഠി. എൻഡി ടിവിയോട് സംസാരിക്കവേയാണ് അരിജിത്തിന്റെ തീരുമാനത്തിൽ തെറ്റില്ലെന്ന് പങ്കജ് പറഞ്ഞത്. 

കലാകാരന്മാർക്ക് പുതിയതെന്തെങ്കിലും ചെയ്യാൻ ഒന്നു പിന്നോട്ടുവലിയുന്നത് നല്ലതാണെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു. ‌‌‌

അവനവനെ പുനർനിർമിക്കാൻ ഒരു ബ്രേക്ക് ആവശ്യമാണ്. ഇടയ്ക്കിടെ അത്തരം ഇടവേളകൾ എടുക്കുകയോ അല്ലെങ്കിൽ വേഗത കുറയ്ക്കുകയും ചെയ്യണം. എങ്കിൽമാത്രമേ കലാകാരന്മാർക്ക് പുതുതായി എന്തെങ്കിലും ചെയ്യാനാവൂ. ഞങ്ങൾ ഫാക്ടറി ഉത്പന്നങ്ങളല്ല- പങ്കജ് ത്രിപാഠി പറഞ്ഞു.

ഒരു ഫാക്ടറിയിൽ ദിവസവും ഉത്പാദിപ്പിക്കുന്ന ആയിരം തീപ്പെട്ടി കൂടുകൾ പോലെയല്ല കലാകാരന്മാർ എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ കലാകാരന്മാരാണ്, ഉത്പന്നങ്ങളല്ല. ഇന്നത്തെ നിലയിലെത്താൻ ഓരോ നടന്മാരും ഒരുപാട് കഷ്ടപ്പെടുകയും ത്യാഗം ചെയ്യുകയും ചെയ്തിട്ടുണ്ട്. സെറ്റിലേക്ക് പോകാനുള്ള ആവേശം നിങ്ങൾക്കുണ്ടാവണം. അതിനുള്ള പ്രചോദനം മാറിക്കൊണ്ടേയിരിക്കും- അദ്ദേഹം പറഞ്ഞു.

പിന്നണിഗായകനായി ഇനി പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്നായിരുന്നു അരിജിത് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്. ഇത്രയും കാലം ആരാധകർ നൽകിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഭാവിയിൽ എളിയ കലാകാരനായി കൂടുതൽ പഠിക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് അരിജിത് സിങ്. ആഷിഖി 2-ലെ തും ഹി ഹോ, ബ്രഹ്മാസ്ത്രയിലെ കേസരിയാ, തമാശയിലെ അഗർ തും സാഥ് ഹോ, ദിൽവാലേയിലെ ജനം ജനം തുടങ്ങിയവ അതിൽ ചിലതാണ്.

Content Highlights: Bollywood actor Pankaj Tripathi expresses solidarity with Arijit Singh`s decision to take a break from playback singing, emphasizing the need for artists to reinvent themselves.