മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും; 'പദയാത്ര' ട്രെയിലർ പുറത്ത്

32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന പദയാത്ര എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മതിലുകൾ, അനന്തരം, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.
ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഗ്രേസ് ആന്റണി, ഇന്ദ്രൻസ്, ജഗദീഷ്, പി. ശ്രീകുമാർ, മധുപാൽ, പ്രൊഫ. അലിയാർ, സീനത്ത്, അലൻസിയർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. മമ്മൂട്ടി-അടൂർ ടീം നേരത്തേ ഒന്നിച്ച മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
അടൂരും കെ.വി. മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക.
ഛായാഗ്രഹണം - ഷെഹനാദ് ജലാൽ, സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ, മുഖ്യ സംവിധാന സഹായി - മീരസാഹിബ്, നിർമ്മാണ സഹകരണം - ജോർജ് സെബാസ്റ്റ്യൻ, കലാസംവിധാനം - ഷാജി നടുവിൽ, നിർമ്മാണ മേൽനോട്ടം - സുനിൽ സിങ്, നിർമ്മാണ നിയന്ത്രണം - ബിനു മണമ്പൂർ, ചമയം - റോണക്സ് , ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം - എസ് ബി സതീശൻ, ശബ്ദമിശ്രണം - കിഷൻ മോഹൻ (സപ്ത റെക്കോർഡ്), നിശ്ചല ഛായാഗ്രഹണം - നവീൻ മുരളി, പരസ്യ പ്രചരണം - വിഷ്ണു സുഗതൻ, പരസ്യ കല - ആഷിഫ് സലിം.
Content Highlights: The official trailer of Padayatra, a realistic drama featuring Mammootty as a tribal doctor and marking his reunion with legendary auteur Adoor Gopalakrishnan after 32 years, has been released under the banner of Mammootty Kampany.