'എല്ലാ കുറ്റകൃത്യങ്ങളും ഒരു പാതിരാത്രിയെ സ്നേഹിക്കുന്നു', ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; 'പാതിരാത്രി' ട്രെയിലർ പുറത്ത്

പാതിരാത്രി എന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും നവ്യാനായരും | സ്ക്രീൻ​ഗ്രാബ്
പാതിരാത്രി എന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും നവ്യാനായരും | സ്ക്രീൻ​ഗ്രാബ്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആകാംക്ഷ നിറക്കുന്ന കുറ്റാന്വേഷണത്തിനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയിലർ സൂചിപ്പിക്കുന്നു.

മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ 'പാതിരാത്രി' കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നതെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഇമോഷനും ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണവും എല്ലാം ഇടകലർത്തി ഒരുക്കിയ ഒരു ക്രൈം ഡ്രാമ ത്രില്ലറാണ് ചിത്രം. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് 'പാതിരാത്രി'. ടി സീരീസ് ആണ് വമ്പൻ തുക നൽകി ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ -ശബരി, വാഴൂർ ജോസ്.

Content Highlights: The thrilling trailer for `Paathirathri`, starring Navya Nair and Soubin Shahir, is here! A crime drama with suspense and emotion, releasing in October.