സ്ത്രീകളെ ഉപഭോഗവസ്തുവാക്കുന്നത് തെന്നിന്ത്യൻ സിനിമകൾ മാത്രമല്ല! പെദ്ധി വിവാദത്തിൽ നിത്യ മേനോൻ

#Movies Desk
നിത്യാ മേനോൻ | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി
നിത്യാ മേനോൻ | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

'പെദ്ധി' എന്ന ചിത്രത്തിൽ ജാൻവി കപൂറിന്റെ കഥാപാത്രത്തെ അമിതമായി ലൈംഗികവത്കരിച്ചു എന്ന ആക്ഷേപം ചലച്ചിത്രങ്ങളിൽ സ്ത്രീകളെ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടക്കമിട്ടിരിക്കുകയാണ്. ഈ സംവാദങ്ങൾക്കിടയിൽ, സ്ത്രീകളെ ഉപഭോഗവസ്തുക്കളായി ചിത്രീകരിക്കുന്നത് ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും മറിച്ച് ചലച്ചിത്രമേഖലയിലുടനീളം കാണുന്ന പ്രവണതയാണെന്നുമുള്ള അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് നടി നിത്യ മേനോൻ.

വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ്, സിനിമകളിലെ സ്ത്രീകളെ ലൈംഗികവസ്തുവത്​കരിക്കുന്നത് തെന്നിന്ത്യൻ സിനിമകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് വിനോദവ്യവസായത്തിലുടനീളമുള്ള ഒരു പ്രവണതയാണെന്നും നിത്യ അഭിപ്രായപ്പെട്ടത്. സിനിമയുടെ അമിത വാണിജ്യവൽക്കരണത്തിലാണ് ഈ പ്രശ്നത്തിന്റെ വേരുകളെന്നും അവർ കൂട്ടിച്ചേർത്തു.

വാണിജ്യപരമായി വിജയിക്കുന്നതും പ്രേക്ഷകരെ ഉത്തേജിപ്പിക്കുന്നതുമായ എന്തും വൻ വിജയത്തിനായി പലപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്. അഭിനേതാക്കൾക്ക് യഥാർത്ഥത്തിൽ അതിർവരമ്പുകൾ ഉണ്ടായിരിക്കണമെന്നും അത്തരം രംഗങ്ങൾ ചെയ്യുന്ന വ്യക്തിക്ക് തങ്ങളെ ലൈംഗികവൽക്കരിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ശക്തമായി പറയാൻ കഴിയണമെന്നും താൻ ചിന്തിക്കാറുണ്ടെന്നും നിത്യ പറയുന്നു.

ഇത്തരം സാഹചര്യങ്ങളിൽ അഭിനേതാക്കൾ തീർത്തും നിസ്സഹായരല്ലെന്ന് താരം പറയുന്നു. 'നിങ്ങൾ ഇത്തരത്തിലുള്ള വാണിജ്യ സിനിമകൾ ചെയ്യുകയും പെട്ടെന്നൊരു ദിവസം അതിനോട് യോജിക്കാൻ കഴിയില്ലെന്ന് പറയുകയും ചെയ്താൽ, നിങ്ങളെ ഗൗരവമായി എടുത്തു എന്ന് വരില്ല. ഒരു സാഹചര്യത്തിൽ നിങ്ങൾ നിസ്സഹായരായിപ്പോകുമെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. നിങ്ങൾക്ക് സ്വന്തം നിലപാട് വ്യക്തമാക്കാം. അത് ആ വ്യക്തിയുടെ മുൻഗണന എന്തെന്നതിനെ ആശ്രയിച്ചിരിക്കുന്നു.'

ചില കാര്യങ്ങൾ ചെയ്യാത്തതുകൊണ്ട് എനിക്ക് ചെയ്യാൻ കഴിയാതെ പോകുന്ന സിനിമകളുണ്ട്. എന്നാൽ പ്രശസ്തിയെക്കാൾ ഞാൻ അത് തിരഞ്ഞെടുക്കുന്നതുകൊണ്ട് എനിക്ക് അതിൽ കുഴപ്പമില്ല. നിങ്ങൾക്ക് ഒരു മുൻനിര താരം ആകാൻ മാത്രമേ താല്പര്യമുള്ളൂവെന്നും അതിനായി എന്തും ചെയ്യാൻ തയ്യാറാണെന്നുമാണെങ്കിൽ, അത് നിങ്ങൾ എടുത്ത തീരുമാനമാണ്.' നിത്യ തന്റെ നയം വ്യക്തമാക്കി.

നിത്യയുടെ ഈ നിലപാട് പെദ്ധി വിവാദത്തിൽ ഏത് പക്ഷത്തിനൊപ്പമാണെന്ന് വ്യക്തമാക്കുന്നില്ല. പൊതുവെ ഇത്തരം ഗ്ലാമർ വേഷങ്ങളിൽ ബോളിവുഡ് ചിത്രങ്ങളിലുൾപ്പടെ പ്രത്യക്ഷമാകുന്ന താരമാണ് ജാൻവി കപൂർ. എന്നാൽ പെദ്ധിയിലെ ലൈംഗികവത്കരണ വിമർശം ഉന്നയിച്ച ഒരു സോഷ്യൽ മീഡിയാ പോസ്റ്റിന് ജാൻവി പിന്തുണ അറിയിച്ച് രംഗത്തുവന്നിരുന്നു. വിവാദം കനത്തതോടെ ക്ഷമാപണം നടത്തി പെദ്ധിയുടെ സംവിധായകൻ ബുച്ചി ബാബു സനയും രംഗത്തുവന്നു.

വിവാദമായതെങ്ങനെ?

പെദ്ധി എന്ന ചിത്രത്തിൽ നായകനായ രാം ചരണിന്റെ കഥാപാത്രത്തിന് കൃത്യമായ സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങൾ നൽകുമ്പോൾ, നായികയെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് പ്രധാന ആരോപണം. ജാൻവി കപൂറിന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാനാണ് സംവിധായകൻ കൂടുതൽ ശ്രദ്ധ നൽകിയത്.

സാമൂഹിക, മാനുഷിക, രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രത്തിൽ നായികയായ അച്ചിയമ്മയ്ക്ക് യാതൊരുവിധ മാനുഷിക പരിഗണനയും സിനിമ നൽകുന്നില്ല എന്ന് വിമർശകർ ആരോപിക്കുന്നു.

നായികയുടെ സമ്മതമില്ലാതെ സ്പർശിക്കുമെന്ന് പറയുന്നതും വൈദ്യുതി പോകുന്ന സമയത്ത് ബലമായി ചുംബിക്കുന്നതുമായ അതിക്രമരംഗങ്ങൾ സംവിധായകൻ 'പ്രണയമായാണ്' ചിത്രീകരിച്ചിരിക്കുന്നത്. അതിക്രമത്തിന് ശേഷം നായിക കരയുമ്പോൾ, അവളുടെ പിതാവിന്റെ രാഷ്ട്രീയ ഭാവി ഓർത്ത് ഈ സംഭവം മറന്നേക്കാൻ മറ്റൊരു പുരുഷ കഥാപാത്രം ആവശ്യപ്പെടുന്നതുമെല്ലാം കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് ജാൻവി കപൂർ ഇത്തരം രംഗങ്ങളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും, നടിയുടെ തീരുമാനങ്ങൾക്കും എതിർപ്പുകൾക്കും യാതൊരു വിലയും കൽപ്പിക്കാതെ, ബോക്സ് ഓഫീസ് ലാഭം മാത്രം ലക്ഷ്യം വെച്ച് സംവിധായകൻ ഈ രംഗങ്ങൾ സിനിമയിൽ നിലനിർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Actress Nithya Menen has weighed in on the Peddi movie controversy, asserting that the sexual objectification of women is an entertainment industry-wide issue driven by commercialization, rather than a problem exclusive to South Indian cinema, while emphasizing that actors must establish their own boundaries.