നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തിൽ KSRTC ബസിടിച്ചു, താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#മൂവി ഡെസ്ക്
നിരഞ്ജ് മണിയൻപിള്ള രാജു | ഫോട്ടോ: www.instagram.com/p/CZzAFEdpcCn/?img_index=1
നിരഞ്ജ് മണിയൻപിള്ള രാജു | ഫോട്ടോ: www.instagram.com/p/CZzAFEdpcCn/?img_index=1

നടൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊടുങ്ങല്ലൂരിൽവെച്ചാണ് സംഭവം. മസ്തിഷ്ക മരണം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി പോകുമ്പോൾ നിരഞ്ജും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് നിരഞ്ജ് ഉൾപ്പടെയുള്ള താരങ്ങൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്.

നടൻ മണിയൻപിള്ള രാജു വാഹനാപകടത്തിൽപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൻകൂടിയായ നിരഞ്ജ് സഞ്ചരിച്ച വാഹനവും അപകടത്തിൽപെട്ടത്. അപകടത്തെക്കുറിച്ച് നിരഞ്ജ് തന്നെ സിനിമാ പ്രൊമോഷനിടെ വിശദീകരിച്ചു. "വന്ന വഴിക്ക് വണ്ടി ഒന്ന് തട്ടി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചത് ഒരു കെ.എസ്.ആർ.ടി.സി ബസാണ്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല." നിരഞ്ജ് പറഞ്ഞു.
'ആവാസവ്യൂഹം', 'പുരുഷപ്രേതം' എന്നീ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിക്കുന്നത്. 'മസ്തിഷ്‌ക മരണം- എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണിത്.

ഏതാനും ദിവസങ്ങൾക്കുമുൻപ് മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ട്രിവൻഡ്രം ക്ലബ്ബിന് മുന്നിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ പോയത് വലിയ ചർച്ചയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജു, ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്ന് വെളിപ്പെടുത്തിയിരുന്നു. ബൈക്ക് വളരെ വേഗത്തിൽ വന്ന് തന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ മണിയൻപിള്ള രാജുവിനെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Niranj Maniyanpilla Raju Escapes Major Accident as KSRTC Bus Collides with His Vehicle