മികച്ച ആശയങ്ങളുണ്ടോ?; സോണി പിക്ചേഴ്സിന് മുന്നിൽ അവതരിപ്പിക്കാം, കൈകോർത്ത് എൻ.എഫ്.ഡി.സി.

പനജി: രാജ്യത്തെ എഴുത്തുകാർക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനും നിർമാണ കമ്പനികൾക്കും അവസരങ്ങൾ ഒരുക്കാൻ നാഷനൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ. ഇതിനായി സോണി പിക്ചേഴ്സ് നെറ്റ്വർക്സ് ഇന്ത്യയുമായി എൻ.എഫ്.ഡി.സി. ധാരണാപത്രത്തിൽ ഒപ്പുവച്ചു. 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഗോവയിൽ വച്ചാണ് 'വേവ്സ് ബസാർ × എസ്.പി.എൻ.ഐ. കണ്ടന്റ് ക്രിയേറ്റർ സബ്മിഷൻ ഇനിഷ്യേറ്റീവ്' എന്ന പദ്ധതി പ്രഖ്യാപിച്ചത്.
ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളിൽ ഒറിജിനൽ ഫിക്ഷൻ, നോൺ-ഫിക്ഷൻ ആശയങ്ങൾ സോണി പിക്ചേഴ്സ് നെറ്റ്വർക്സ് ഇന്ത്യയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ സംരംഭത്തിലൂടെ അവസരം ലഭിക്കും. ഫിക്ഷൻ സീരീസുകൾ, പ്രീമിയം ടി.വി. ഉള്ളടക്കങ്ങൾ, റിയാലിറ്റി ഷോകൾ, ഗെയിം അല്ലെങ്കിൽ കോംപറ്റീഷൻ ഫോർമാറ്റുകൾ, കലാകാരന്മാരെ കണ്ടെത്താനുള്ള പരിപാടികൾ, മറ്റ് അൺസ്ക്രിപ്റ്റഡ് ആശയങ്ങൾ എന്നിവയ്ക്കെല്ലാം അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തങ്ങളുടെ ആശയങ്ങൾ സോണി പിക്ചേഴ്സിന് മുന്നിൽ പിച്ച് ചെയ്യാനും മുന്നോട്ടുപോകാനുമുള്ള അവസരം ലഭിക്കും.
വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ എൻ.എഫ്.ഡി.സി. ഒരുക്കുന്ന വ്യവസായ വേദിയായ വേവ്സ് ബസാർ രാജ്യത്തെ മാധ്യമ-വിനോദ മേഖലയിലെ പ്രതിഭകളെയും ലോകോത്തര സിനിമാ പ്രൊഫഷണലുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. സോണി പിക്ചേഴ്സ് നെറ്റ്വർക്സ് ഇന്ത്യയുമായുള്ള കൂട്ടായ്മ വ്യത്യസ്ത ഭാഷകളിലും ഫോർമാറ്റുകളിലും പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ എഴുത്തുകാർക്കും നിർമാതാക്കൾക്കും വഴിതുറക്കുമെന്ന് എൻ.എഫ്.ഡി.സി. ചെയർമാൻ ജി. കൃഷ്ണകുമാർ പറഞ്ഞു.
രാജ്യത്ത് നല്ല പ്രതിഭകളുണ്ടെന്നും എന്നാൽ പല ആശയങ്ങൾക്കും വലിയ പ്ലാറ്റ്ഫോമുകളിൽ എത്താൻ കഴിയാറില്ലെന്നും സോണി പിക്ചേഴ്സ് നെറ്റ്വർക്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ഗൗരവ് ബാനർജി പറഞ്ഞു. എൻ.എഫ്.ഡി.സിയുമായുള്ള പങ്കാളിത്തം മികച്ച ആശയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ചുവടുവയ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
വേവ്സ് ബസാർ പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നതും പരിശോധിക്കുന്നതും. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ ആശയങ്ങൾ അവതരിപ്പിക്കാനായി സോണി പിക്ചേഴ്സ് നെറ്റ്വർക്സ് ഇന്ത്യ ക്ഷണിക്കും.
Content Highlights: NFDC signed an MoU with Sony Pictures Networks India (SPNI) to launch the WAVES Bazaar × SPNI Content Creator Submission Initiative at the 57th IFFI in Goa. Writers, content creators, and production houses can submit original fiction and non-fiction concepts in Hindi, English, Tamil, Telugu, and Bengali. Eligible formats include fiction series, premium TV content, reality shows, game formats, talent hunts, and unscripted concepts. Applications will be accepted through the WAVES Bazaar portal, and shortlisted creators will be invited to pitch their ideas directly to SPNI.