നെറ്റ്ഫ്ലിക്സിൽ കൂടത്തായി കേസിന്റെ സംപ്രേഷണം തടയണമെന്ന ഹർജി തള്ളി

കറി ആൻഡ് സയനേഡ് എന്ന ഡോക്യൂ സീരീസിന്റെ പോസ്റ്ററുകൾ | ഫോട്ടോ: അറേഞ്ച്ഡ്
കറി ആൻഡ് സയനേഡ് എന്ന ഡോക്യൂ സീരീസിന്റെ പോസ്റ്ററുകൾ | ഫോട്ടോ: അറേഞ്ച്ഡ്

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്‌സിൽവരുന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി മാറാട് പ്രത്യേക കോടതി തള്ളി. അത് ജില്ലാകോടതിയുടെ പരിധിയിൽവരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാറാട് പ്രത്യേകകോടതി അഡീഷണൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ ഹർജി തള്ളിയത്.

കേസിൽ രണ്ടാം പ്രതിയായ എം.എസ്. മാത്യു ജയിലിൽനിന്ന് നൽകിയ ഹർജിക്കുപുറമേ അഭിഭാഷകൻ എം. ഷഹീർ സിങ്ങും അഡീഷണൽ ഹർജി നൽകിയിരുന്നു. കേസ് സംബന്ധിച്ച് ഒാൺലൈൻ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

വിചാരണക്കോടതിയിൽ കേസ് നടക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർവരെ വന്ന് മൊഴിനൽകുന്നതായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം നടത്തുന്നത് അനുചിതമാണെന്നും കോടതിയലക്ഷ്യനടപടിയായി കണക്കാക്കേണ്ടതാണെന്നും ഷഹീർ സിങ് വാദിച്ചിരുന്നു. സമാനമായ കേസുകളിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധികളും അഭിഭാഷകൻ കോടതിമുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നു. നെറ്റ്ഫ്ലിക്സിൻറെ അഭിഭാഷകനും വാദം നടക്കുമ്പോൾ ഹാജരായിരുന്നു.

സാങ്കേതിക കാരണങ്ങളാലാണ് ഹർജി തള്ളിയതെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അഭിഭാഷകൻ ഷഹീർ സിങ് പറഞ്ഞു.

Content Highlights: netflix koodathai case based docu series curry and cyanide latest update