'നായകന്‍' വീണ്ടും വരാര്‍; കമല്‍- മണിരത്നം ചിത്രം റീമാസ്റ്റര്‍ പതിപ്പ് പ്രദര്‍ശനത്തിന്

കമല്‍ഹാസൻ 'നായകൻ' ചിത്രത്തില്‍ | Photo: Special Arrangement
കമല്‍ഹാസൻ 'നായകൻ' ചിത്രത്തില്‍ | Photo: Special Arrangement

കമല്‍ഹാസന്‍- മണിരത്നം ടീമിന്റെ 'നായകന്‍' എന്ന ചിത്രം 38 വര്‍ഷത്തിനുശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. കമല്‍ഹാസന്‍ നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രം നവംബര്‍ ആറിന് വേള്‍ഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. ചിത്രം 4K-യിലാണ് പ്രദര്‍ശിപ്പിക്കുക. രഞ്ജിത്ത് മോഹന്‍ ഫിലിംസ് ആണ് നായകന്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

തമിഴില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ മുംബൈയിലെ അധോലോക നായകന്റെ കഥയാണ് മുഖ്യപ്രമേയം. 1987-ല്‍ പുറത്തിറങ്ങിയ നായകന്‍ കമല്‍- മണിരത്‌നം കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറിയ വേലുനായ്ക്കര്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ അക്കൊലത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം കമല്‍ഹാസനെ തേടിയെത്തി. പി.സി. ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി. കലാസംവിധാനത്തിന് തോട്ട ധരണിയും ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും തിരഞ്ഞെടുക്കപ്പെട്ടു.

മണിരത്‌നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സാമ്പത്തികമായ വിജയം നേടുക മാത്രമല്ല ചിത്രത്തിന് നിരൂപകപ്രശംസയും ലഭിച്ചു. കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി വേലുനായ്ക്കര്‍ മാറി. ശരണ്യയും കാര്‍ത്തികയും ഡല്‍ഹി ഗണേശും നാസറും ചിത്രത്തില്‍ മറ്റുപ്രധാന വേഷങ്ങളില്‍ എത്തി.

സുജാത ഫിലിംസ്, മുക്ത ഫിലിംസ് എന്നീ ബാനറുകളില്‍ മുക്ത വി. രാമസ്വാമി, മുക്ത ശ്രീനിവാസന്‍, ജി. വെങ്കിടേശ്വരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ്ങും ഡയലോഗുകളും ക്യാമറയും സംഗീതവുമെല്ലാം മികവുറ്റതായിരുന്നു. ഇളയരാജയുടെ സംഗീതം ആ ക്ലാസിക്കിനെ പൂര്‍ണതയില്‍ എത്തിക്കാന്‍ സഹായിച്ചു.

എഡിറ്റര്‍: ബി. ലെനിന്‍, വി.ടി വിജയന്‍, ഡയലോഗ്: ബാലകുമാരന്‍, അര്‍ഥിത്തരണി, സൗണ്ട് മിക്‌സ്: എ.എസ്. ലക്ഷ്മി നാരായണ്‍, ത്രില്‍സ്: സൂപ്പര്‍ സുബ്ബരായന്‍, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്: സിനാന്‍, വാര്‍ത്ത പ്രചരണം: പി. ശിവപ്രസാദ്.

Content Highlights: The iconic Kamal Haasan-Mani Ratnam film `Nayakan` is set for a worldwide re-release on November 6th, 38 years after its debut. Experience the remastered 4K version of this gangster classic