ദേശീയ പുരസ്‌കാര തിളക്കത്തില്‍ അച്ഛനും മകനും

എം.എം കീരവാണി, കാലഭൈരവ
എം.എം കീരവാണി, കാലഭൈരവ

69-ാമത് ദേശീയ പുരസ്‌കാര ചടങ്ങില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടി കീരവാണിയും മികച്ച ഗായകനുള്ള പുരസ്‌കാരം നേടി മകന്‍ കാലഭൈരവയും. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാരം. കൊമരം ഭീമുഡോ എന്ന ഗാനമാണ് കാലഭൈരവയെ നേട്ടത്തിന് അര്‍ഹനാക്കിയത്. കീരവാണിയെ അന്താരാഷ്ട്ര പുരസ്‌കാരങ്ങളുടെ നെറുകിലെത്തിച്ച ചിത്രമാണ് ആര്‍.ആര്‍ആര്‍. ആര്‍ആര്‍ആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് കീരവാണിയ്ക്ക്  മികച്ച ഒറിജിലനല്‍ സോങ് വിഭാഗത്തിലുള്ള ഓസ്‌കർ പുരസ്‌കാരം ലഭിച്ചിരുന്നു. 

2021-ല്‍ സെന്‍സര്‍ ചെയ്ത സിനിമകളെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. 31 വിഭാഗങ്ങളിലാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ പുരസ്‌കാരം നല്‍കിയത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലും പുരസ്‌കാരം നല്‍കി. 24 ഭാഷകളില്‍ നിന്നാണ് 280 സിനിമകളും പരിഗണിച്ചത്.

മുന്‍ ഐ.എസ്.ആര്‍.ഒ.  ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'റോക്കട്രി: ദ നമ്പി എഫക്ട്' ആണ് മികച്ച ഫീച്ചര്‍ സിനിമ. നടന്‍ ആര്‍. മാധവന്‍ സംവിധാനം ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന വേഷത്തിലെത്തിയത്. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം 'ഗോദാവരി'യ്ക്കാണ് പുരസ്‌കാരം. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോണ്‍ (മിമി) എന്നിവര്‍ പങ്കിട്ടു. പുഷ്പ ചിത്രത്തിലെ അഭിനയത്തിന് അല്ലു അര്‍ജുനാണ് മികച്ച നടന്‍.

ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 'ഹോം' ആണ് മികച്ച മലയാള ചിത്രം. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തിരഞ്ഞെടുത്തു. 'ആവാസവ്യൂഹ'മാണ് മികച്ച പരിസ്ഥിതി ചിത്രം.

നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ 'എക് താ ഗാവോന്‍; ആണ് മികച്ച സിനിമ. സ്മൈല്‍ പ്ലീസ് എന്ന ചിത്രത്തിന് ബക്വല്‍ മതിയാനിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഇതേ വിഭാഗത്തിലുള്ള മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' സ്വന്തമാക്കി.

Content Highlights: National Film Awards, MM Keeravani, Kaala Bhairava , Father-son win award, RRR