'ഇതെഴുതുമ്പോഴും അദ്ദേഹത്തോടൊപ്പം ഇനിയൊരു സിനിമയുണ്ടാകില്ലെന്ന് ഞാനറിഞ്ഞിരുന്നില്ല'

-
-

അന്തരിച്ച ബോളിവുഡ് നടന്‍മാരായ ഋഷി കപൂറിനെയും ഇര്‍ഫാന്‍ ഖാനെയും സ്മരിച്ച് നടിയും സംവിധായികയുമായ നന്ദിതാ ദാസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. നല്ലൊരു അഭിനേതാവെന്ന നിലയില്‍ ഇര്‍ഫാനില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കാനായെന്ന് നന്ദിത പറയുന്നു. അതിഥി വേഷം ചെയ്യാന്‍ താത്പര്യമില്ലാതിരുന്ന ഋഷി കപൂറിനെ 'മന്റോ' എന്ന ചിത്രത്തില്‍ അഭിനയിപ്പിച്ചതിനെക്കുറിച്ചും നന്ദിത കുറിക്കുന്നു.

നന്ദിതാ ദാസിന്റെ കുറിപ്പ്

ഇര്‍ഫാനെയും ഋഷിജിയെയും നഷ്ടപ്പെട്ട ദു:ഖം എത്രയെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. വലിയ ഞെട്ടലും വേദനയുമാണ് അത് ഉണ്ടാക്കുന്നത്. രണ്ടുപേര്‍ക്കൊപ്പവും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അവര്‍ മികച്ച നടന്‍മാര്‍ മാത്രമല്ല, നല്ല വ്യക്തികള്‍ കൂടിയായിരുന്നു. സുപാരിയിലാണ് ഞാന്‍ ഇര്‍ഫാനൊത്ത് അഭിനയിച്ചിട്ടുള്ളത്. ഞങ്ങളുടെ അന്നത്തെ സംഭാഷണങ്ങളെ നെഞ്ചോടു ചേര്‍ക്കുന്നു. ഒരു നല്ല നടനെന്ന നിലയില്‍ അദ്ദേഹമെന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.

ഋഷിജിയുടെ ഉദാരമനസ്സും ഫലിതപ്രിയനായ അദ്ദേഹത്തിന്റെ തമാശകളും ഇന്നും മനസ്സില്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നു. മന്റോ എന്ന എന്റെ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹത്തെ വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാന്‍ ചെന്നത്. മന്റോയുടെ സെറ്റിലെ രണ്ട് ചിത്രങ്ങള്‍ ഇതോടൊപ്പം പങ്കുവെക്കുന്നു. അന്ന് ഞാന്‍ അദ്ദേഹത്തെപ്പറ്റി കുറിച്ച ചില വാക്കുകളും.

ഋഷി കപൂറിന്റെ ഒരുപാടു സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മന്റോയില്‍ അദ്ദേഹത്തിനെന്തു വേഷം നല്‍കുമെന്ന കാര്യത്തില്‍ ഞാന്‍ ആശയക്കുഴപ്പത്തിലായിരുന്നു. അദ്ദേഹം സിനിമയിലുണ്ടെങ്കില്‍ നമുക്ക് അത് ഗുണം ചെയ്യുമെന്ന് നിര്‍മ്മാതാക്കളിലൊരാള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണാമെന്ന് തീരുമാനിക്കുന്നത്. അദ്ദേഹവുമായി മീറ്റിംഗ് നിശ്ചയിച്ചു. അന്ന് അദ്ദേഹത്തെ കാണാന്‍ ചെല്ലുമ്പോഴും ഏത് റോള്‍ അദ്ദേഹത്തിന് നല്‍കുമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. ഞാന്‍ ചെന്നപ്പോഴേ അദ്ദേഹം പറഞ്ഞു- അതിഥി വേഷങ്ങള്‍ ഇനി ഞാന്‍ ചെയ്യില്ല. അദ്ദേഹത്തെപ്പോലൊരു നടന്‍ സിനിമയില്‍ വന്നാല്‍ അതു ഞങ്ങളുടെ ടീമിനും സിനിമയ്ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹത്തെ ഞാന്‍ പറഞ്ഞ് ബോധിപ്പിച്ചു. അദ്ദേഹം പിന്തുണയ്ക്കുകയാണെങ്കില്‍ അത് വലിയ കാര്യമാകുമെന്നും പറഞ്ഞു. എന്റെ വാക്കിൽ അദ്ദേഹം അമ്പരന്ന് കാണും. അദ്ദേഹം ഒടുവില്‍ സമ്മതം മൂളി. ഒരു നിര്‍മ്മാതാവിന്റെ അതിഥി വേഷത്തില്‍ അഭിനയിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. അങ്ങനെ അദ്ദേഹം മന്റോയുടെ സെറ്റിലെത്തി. ആറു മണിക്കൂറാണ് അദ്ദേഹത്തിന്റെ ഭാഗം ഷൂട്ട് ചെയ്തത്. അദ്ദേഹത്തെ ഒരു മുഴുനീള ഫീച്ചര്‍ ഫിലിമില്‍ ഇതിലും വലിയ റോളില്‍ അഭിനയിപ്പിക്കാന്‍ എനിക്കാകട്ടെ.

ഇതെഴുതുമ്പോഴും അദ്ദേഹത്തോടൊപ്പം ഇനിയൊരു സിനിമയുണ്ടാകില്ലെന്ന് ഞാനറിഞ്ഞിരുന്നില്ല. അന്ന് അദ്ദേഹം ഒപ്പിട്ട ഒരു പുസ്തകമെനിക്കു തന്നു. ഞാനിത് നിധി പോലെ കാത്തു സൂക്ഷിക്കുന്നു. എനിക്കും അദ്ദേഹത്തിനൊരു പുസ്തകം നല്‍കണമെന്നുണ്ടായിരുന്നു. അദ്ദേഹത്തെ എപ്പോള്‍ നേരില്‍ കാണാന്‍ ചെല്ലാന്‍ പ്ലാന്‍ ചെയ്യുമ്പോഴും അദ്ദേഹം യാത്രയിലായിരിക്കും. എനിക്ക് ഇടയ്ക്കിടെ സന്ദേശങ്ങളയയ്ക്കുമായിരുന്നു. എനിക്കാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ ആ സന്ദേശങ്ങളും ആ നല്ലോര്‍മ്മകളും ഞാനെന്നും കാത്തു സൂക്ഷിക്കും. 

നിങ്ങളെ രണ്ടു പേരെയും എന്നും മിസ് ചെയ്യും.

Content Highlights : nandita das note viral about irrfan khan and rishi kapoor demise

Content Highlights: