മാധവന്‍ സിനിമയെ ഹൃദയത്തിലേയ്ക്ക് എടുത്തു; പല രംഗങ്ങളും കാണിക്കാന്‍ പറ്റിയില്ല- നമ്പി നാരായണന്‍

നമ്പി നാരായണൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
നമ്പി നാരായണൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി

'റോക്കട്രി- ദി നമ്പി എഫക്ട്' എന്ന  സിനിമയെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുത്തതില്‍ വലിയ സന്തോഷമെന്ന് നമ്പി നാരായണന്‍. ഈ സന്തോഷം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. ഒന്നും ചെയ്യാത്ത തന്നെ ചാരനാക്കി മുദ്ര കുത്തി ഉപദ്രവിക്കുകയാണുണ്ടായത്. അവിടെ നിന്നാണ് ഞാന്‍ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഇറങ്ങിത്തിരിച്ചത്. എന്റെ സത്യാവസ്ഥ ലോകത്തോട് വിളിച്ചുപറയണമെന്നുണ്ടായിരുന്നു. എന്നെ തെറ്റുകാരനായി മുദ്ര കുത്തിയ മീഡിയ തന്നെ ഇന്ന് എന്നോട് ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു.അതിലെനിക്ക് സന്തോഷമുണ്ട്- നമ്പി നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി ഇറങ്ങിയപ്പോള്‍ എല്ലാവരും അതിനെ നിരസിക്കുകയാണുണ്ടായത്. സ്റ്റേ കിട്ടും സിനിമ നടക്കില്ല തുടങ്ങിയ പല ഭയങ്ങളില്‍ നിന്നാണ് ഈ സിനിമയുണ്ടാകുന്നത്. സംവിധായകനെ മാറ്റേണ്ടി വന്നു. അവിടെയാണ് മാധവന്‍ തന്നെ സംവിധാനം ചെയ്യാമെന്ന് തീരുമാനമുണ്ടാകുന്നത്.

അദ്ദേഹം ഈ സിനിമയെ ഹൃദയത്തിലേയ്ക്കാണ് എടുത്തത്. അദ്ദേഹത്തിന് ഈ സിനിമയെടുക്കണമെന്ന് എന്നേക്കാള്‍ ദൃഢനിശ്ചയമുണ്ടായിരുന്നു. അതിലെ പല സീനുകളും കാണിക്കാന്‍ സാധിച്ചില്ല. പ്രത്യേകിച്ച് കോടതിയിലെ സീനുകള്‍ എന്നിരുന്നാലും സിനിമ നന്നായി വന്നു.

കോടികള്‍ ചെലവിട്ട് എടുത്ത ആര്‍.ആറിനോട് കാശ്മീര്‍ ഫയല്‍ പോലുള്ള രാഷ്ട്രീയ സിനിമകള്‍ക്കുമൊപ്പം ഒരു അവറേജ് ബജറ്റ് പടം പുരസ്‌കാരം നേടുമ്പോള്‍ തന്നെ സിനിമ വിജയിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ സിനിമ കാണും. സിനിമ മലയാളത്തില്‍ സാമ്പത്തിക വിജയം നേടിയില്ല, കാരണം പ്രമോഷന്‍ ഒന്നും തന്നെയുണ്ടായില്ല. സിനിമയോടിയ തീയേറ്റില്‍ പോലും ഒരു ബോര്‍ഡ് പോലും ഉണ്ടായിരുന്നില്ല.

എന്നാല്‍ ആന്ധ്രയിലും തമിഴിലും ഹിന്ദിയിലും പടം മികച്ച കളക്ഷനാണ് നേടിയത്. അറുപതോളം ഹൃദയ ശസ്ത്രകൃയകളാണ്‌ ഈ വരുമാനത്തില്‍ നിന്നും നടത്തിയത്. സാമ്പത്തിക ലാഭം ലഭിക്കാതെ അതൊന്നും ചെയ്യുക സാധ്യമല്ലല്ലോ, എന്റെ അഭിപ്രായത്തില്‍ സിനിമ വിജയിക്കുകയാണ് ചെയ്തത്. മാധവന്‍ നിലവില്‍ വാഷിങ്ടണ്‍ ഡിസിയിലാണ് അദ്ദേഹം ഫോണില്‍ സംസാരിച്ചു വെച്ചതേയുള്ളു, അദ്ദേഹവും സന്തോഷത്തിലാണെന്ന് നമ്പി നാരായണന്‍ പറഞ്ഞു.

Content Highlights: Rocketry: The Nambi Effect,nambi narayanan, madhavan,film,national film awards