സ്വകാര്യതയിലേക്ക് തുറന്നുവെച്ച ക്യാമറയായി ലിങ്കൻ, 'നടന്ന സംഭവ'ത്തിന്റെ പ്രോമോ സോംഗ് പുറത്ത്

ഗാനത്തിൽ നിന്നും
ഗാനത്തിൽ നിന്നും

ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ചിത്രം 'നടന്ന സംഭവത്തി'ന്റെ പ്രോമോ സോം​ഗ് പുറത്തിറക്കി. അങ്കിത് മേനോൻ സം​ഗീതം ഒരുക്കിയ പാട്ട് പാടിയതും എഴുതിയതും ശബരീഷ് വർമ്മയാണ്. സ്വകാര്യതയിലേക്ക് കടന്നു വരുന്ന മഞ്ഞപത്രക്കാരൻ ലിങ്കൻ ഒപ്പിക്കുന്ന ​ഗുലുമാലുകളുടെ കാഴ്ച്ചകളുമായാണ് ​ഗാനം എത്തിയിരിക്കുന്നത്. സുധി കോപ്പയാണ് ലിങ്കനായി എത്തുന്നത്. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ, എന്നിവർ ചേർന്ന് നിർമ്മിച്ച നടന്ന സംഭവം സംവിധാനം ചെയ്തത് വിഷ്ണു നാരായൺ ആണ്. 

ഫാമിലി- കോമഡി ജോണറിൽ പ്രേക്ഷകരിലേക്ക് എത്തുന്ന നടന്ന സംഭവത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ​ഗോപിനാഥൻ ആണ്. മാനുവൽ ക്രൂസ് ഡാർവിൻ ആണ് എക്സികുട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ. 

നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നർമ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം.  ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ജോണി ആന്റണി, ശ്രുതി രാമചന്ദ്രൻ , ലിജോ മോൾ, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മെയ് 9-ന് ചിത്രം തിയേറ്ററുകളിലെത്തും. പി ആർ ഓ- മഞ്ജു ഗോപിനാഥ്.

Content Highlights: nadanna sambhavam promo song