ഒരിക്കലും ഞാൻ മാപ്പ് പറയില്ല, പക്ഷേ വിശാലിനെ ആത്മാർഥമായി സ്നേഹിക്കുന്നു- മിഷ്കിൻ

തുപ്പറിവാളൻ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നടൻ വിശാലിനോട് മാപ്പ് പറയാൻ തയ്യാറല്ലെന്ന് സംവിധായകൻ മിഷ്കിൻ. എന്നാൽ വിശാലിന്റെ അസാന്നിധ്യം തന്നെ വേദനിപ്പിക്കുന്നുവെന്നും ആത്മാർഥമായി അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും മിഷ്കിൻ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
മാപ്പ് പറയാൻ ഞാൻ തയ്യാറല്ല, വിശാലും അങ്ങനെ തന്നെ ആയിരിക്കും. എന്നാൽ എനിക്കവനെ വല്ലാതെ മിസ് ചെയ്യുന്നു. ഞാൻ വിശാലിനെ വല്ലാതെ സ്നേഹിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസം എന്റെ ഓഫീസിലേക്ക് വിശാൽ വരുമായിരുന്നു. എന്നെ കെട്ടിപ്പിടിക്കുകയും ചെവിപിടിച്ചു തിരിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യും. ആറടി ഉയരമുള്ള അവന്റെ കുസൃതി കാണാൻ നല്ല രസമായിരുന്നു. എന്നാൽ ഇന്ന് അതൊന്നും ഇല്ല. ഞങ്ങൾക്കിടയിലെ വഴക്ക് അങ്ങനെ തന്നെ നിൽക്കുന്നു. വിശാൽ മുൻകോപിയും എടുത്തുചാട്ടക്കാരനുമാണ്. ഉദാഹരണത്തിന് വിശ്വസ്തരായവർ ഉയരമുള്ള കെട്ടിടത്തിൽ നിന്ന് അവനോട് ചാടാൻ പറയുകയാണെങ്കിൽ അവൻ സംശയിച്ചു നിൽക്കില്ല. എവിടെ നിന്നാണ് ചാടേണ്ടത് എന്ന് മാത്രം ചോദിക്കും- മിഷ്കിൻ പറഞ്ഞു.
'തുപ്പറിവാളന്‍ 2' വിന്റെ നിര്‍മാതാവ് കൂടിയാണ് വിശാൽ. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് മിഷ്കിൻ പുറത്ത് പോയത്. സിനിമ പൂര്‍ത്തിയാക്കാനുള്ള പണം നിര്‍മാതാവിന്റെ പക്കല്‍ ഇല്ലെന്നാണ് സിനിമ ഉപേക്ഷിച്ചതിന് ശേഷം മിഷ്കിന് പറഞ്ഞത്. ഇത് വാസ്തവമല്ലെന്ന് വ്യക്തമാക്കി വിശാലും രംഗത്ത് വന്നു. ചിത്രം പാതിവഴിയിലാക്കി മിഷ്കിന് പുറത്ത് പോയത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് വിശാല്‍ പറഞ്ഞത്. പറഞ്ഞ സമയത്തിന് ഷൂട്ടിങ് പൂര്‍ത്തിയാക്കിയില്ലെന്നും വിദേശത്തെ ചിത്രീകരണത്തിന്റെ ഭാഗമായി കോടികളാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. തൊട്ടുപിന്നാലെ മിഷ്കിന്റെ വിശാലിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തി. വിശാൽ തന്റെ അമ്മയെ അസഭ്യം പറഞ്ഞുവെന്നും സഹോദരനെ മർദ്ദിച്ചുവെന്നും മിഷ്കിൻ ആരോപിച്ചു.
സിനിമയില്‍ നിന്ന് പുറത്ത് പോയതിന് ശേഷം മിഷ്കിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ വിശാല്‍ നടത്തിയിരുന്നു. ബാക്കി ഭാഗങ്ങള്‍ സംവിധാനം ചെയ്യണമെങ്കില്‍ അഞ്ചു കോടി രൂപ പ്രതിഫലം നല്‍കണമെന്ന് മിഷ്കിന് ആവശ്യപ്പെട്ടു. കൂടാതെ സിനിമയുടെ എല്ലാ അവകാശങ്ങളും തന്റെ പേരില്‍ എഴുതി നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ വിശാല്‍ അത് അംഗീകരിച്ചില്ല. നിലവില്‍ സിനിമയുടെ സംവിധാനം വിശാല്‍ ഏറ്റെടുത്തിരിക്കുകയാണ്.
വിശാലിനെ തന്നെ നായകനാക്കി മിഷ്കിന് 2017ല്‍ സംവിധാനം ചെയ്ത തുപ്പറിവാളന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് തുപ്പറിവാളന്‍ 2. കനിയന് പൂങ്കുണ്ട്രന് എന്ന കുറ്റാന്വേഷകനെയാണ് വിശാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. പ്രസന്ന, അനു ഇമ്മാനുവേല്‍, ആന്‍ഡ്രിയ ജെറമിയ, വിനയ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.
Content Highlights: Myshkin Vishal controversy thuparivalan 2
Content Highlights: