പ്രേക്ഷകരെ പേടിപ്പിച്ച് ‘മുത്തശ്ശി’!; 'സീ5’ സീരീസിന് മികച്ച അഭിപ്രായം

#Movies Desk
മുത്തശ്ശി പോസ്റ്റര്‍ | Photo: Instagram/ ZEE5
മുത്തശ്ശി പോസ്റ്റര്‍ | Photo: Instagram/ ZEE5

ഇന്ത്യയിലെ പ്രമുഖ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'സീ5'-ലെ പുതിയ സീരിസാണിപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ച‍ർച്ചാവിഷയം. നവാഗതനായ എം.എസ്. നന്ദുലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'മുത്തശ്ശി' പ്രേക്ഷക പ്രശംസ നേടി സ്ട്രീമിങ് തുടരുന്നു. ആറ് എപിസോഡുകളുള്ള 'മുത്തശ്ശി' ജൂലൈ മൂന്നിനാണ് സ്ട്രീമിങ് ആരംഭിച്ചത്. സിംഗിൾ ടേക്ക് ക്രിയേഷൻസിന്റെ ബാനറിലാണ് നിർമിച്ച മിത്തോളജിക്കൽ ഹൊറർ ഡ്രാമ സീരീസിൽ അമിത് ചക്കാലക്കൽ, അഖില ഭാർഗവൻ, കെ.പി.എ.സി. ലീല, ഓർഹാൻ ഹൈദർ, രാജേഷ് ശർമ്മ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കേരള-കർണാടക അതിർത്തിയോട് ചേർന്നുള്ള ഒരു തുളു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സീരിസ് ഒരു രക്ഷസ്സിന്റെ കഥയാണ് പറയുന്നത്. പ്രേതം, ഭൂതം, മാടൻ, മറുത, ഒടിയൻ, ചാത്തൻ തുടങ്ങി പല ശക്തികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും രക്ഷസ്സിനെ പരാമർശിക്കുന്ന സീരീസ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഭീതിയും ഭയവും കൗതുകവും ആകാംക്ഷയും കലർന്ന അനുഭവമാണ്. സീരീസ് ആരംഭിക്കുമ്പോൾ തന്നെ കഥാപശ്ചാത്തലം പ്രേക്ഷകർക്ക് മനസ്സിലാക്കാനാവും. പിന്നീടങ്ങോട്ട് ശ്വാസം അടക്കിപ്പിടിച്ചായിരിക്കും ഓരോ സീനും വീക്ഷിക്കുക. കഥയിലെ പ്രധാന കഥാപാത്രമായ കാന്തിയെ സൂക്ഷിച്ചുനോക്കാൻ തന്നെ പ്രേക്ഷകന് പേടി തോന്നും. അവരുടെ മുടിയും കണ്ണും വസ്ത്രരീതിയുമെല്ലാം പ്രേക്ഷക മനസ്സിനെ അസ്വസ്ഥമാക്കും.

അമാനുഷിക ശക്തിയും ദുർമന്ത്രവാദവും കോർത്തിണക്കി ഒരുക്കിയ 'മുത്തശ്ശി' മനോഹരമായ ദൃശ്യാവിഷ്കാരത്താൽ സമ്പന്നമാണ്. മനസിനെ ഭയപ്പെടുത്തുന്ന കാഴ്ചാനുഭവവും അപ്രതീക്ഷിതമായെത്തുന്ന കഥാപാത്രങ്ങളും സീരിസിൻ്റെ മാറ്റ് കൂട്ടുന്നു. മലയാളത്തിൽ അടുത്തങ്ങും ഇത്രയേറെ ക്വാളിറ്റിയോടെ ഒരൊറ്റ സീരിസ് ഇറങ്ങിയിട്ടില്ല എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

90-കളാണ് കഥാപശ്ചാത്തലം. പതിയെ ആരംഭിക്കുന്ന സീരിസ് പ്രേക്ഷകരെ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും കെട്ടിയിടുന്നു. മായയുടേയും മായാജാലത്തിന്റെയും ശക്തി തുറന്നു കാണിക്കുന്ന ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് അവിസ്മരണീയമായ ദൃശ്യാവിഷ്കാരമാണ്. ഒരൽപം പേടിയോടെയും അടങ്ങാത്ത കൗതുകത്തോടെയുമല്ലാതെ കണ്ടുതീർക്കാനാവില്ല.

'കാന്തി'യെ അവതരിപ്പിച്ച കെ.പി.എ.സി. ലീലയുടെ പ്രകടനം ഭയപ്പെടുത്തുന്നതാണ്. അവരുടെ കണ്ണും മുടിയും വസ്ത്രരീതിയും അസ്വസ്ഥതയുളവാക്കുന്നതാണ്. 'ശ്രീഥറി'നെ രാജേഷ് ശർമ്മയും, 'രാജനെ' അമിത് ചക്കാലക്കലും, 'ലീലയെ' അഖില ഭാർഗവനും, 'ശ്രീകുട്ടനെ' ഓർഹാൻ ഹൈദറുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എടുത്ത് പറയേണ്ട മറ്റൊരു ഘടകം പശ്ചാത്തല സംഗീതമാണ്. ഹൊറർ മോഡ് എലവേറ്റ് ചെയ്യുന്ന രീതിയിൽ പപശ്ചാത്തല സംഗീതം നൽകിയിട്ടുണ്ട്.

Content Highlights: Malayalam mythological horror drama series 'Muthassi', directed by debutant M.S. Nandhulal, is currently receiving widespread critical acclaim on the Zee5 OTT platform. Set in a remote Tulu village near the Kerala-Karnataka border during the 1990s, the plot revolves around supernatural elements, witchcraft, and the terrifying concept of a 'Rakshas'