അവനെ കറുത്ത ചായം പൂശി കഴുതപ്പുറത്ത് രാജ്യം ചുറ്റിക്കണം; അശ്ലീല പരാമർശത്തിൽ രൺവീറിനെതിരേ മുഖേഷ് ഖന്ന

Photo: x.com/
Photo: x.com/

ന്യൂഡല്‍ഹി: യൂട്യൂബ് ഷോ ആയ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റി'ലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കു നടുവിലാണ് യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയ. ഷോയ്ക്കിടെ ഒരു മത്സരാര്‍ഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമര്‍ശിച്ച് രണ്‍വീര്‍ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. തുടര്‍ന്ന് വ്യക്തിപരമായും സോഷ്യല്‍ മീഡിയയിലൂടെയും വലിയ വിമര്‍ശനങ്ങളാണ് രണ്‍വീറിനു നേര്‍ക്ക് വരുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ രണ്‍വീറിനെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ മുകേഷ് ഖന്ന. ശക്തിമാന്‍, മഹാഭാരത് തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് മുകേഷ് ഖന്ന.

'' ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. നിസ്സാരമായി കാണരുത്. ഈ വിഷയത്തില്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ കരുതുന്നതെന്ന് ഒരാള്‍ എന്നോട് ചോദിച്ചു. അവനെ പിടിച്ച് അടിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നിട്ട് മുഖത്ത് കറുത്ത പെയിന്റടിച്ച് കഴുതപ്പുറത്ത് ഇരുത്തി രാജ്യം മുഴുവന്‍ ചുറ്റിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്നത്തെ യുവാക്കള്‍ക്ക് വളരെയധികം സ്വാതന്ത്ര്യം നല്‍കിയതാണ് പ്രശ്‌നം,'' മുഖേഷ് ഖന്ന പറഞ്ഞു. 

''എല്ലാറ്റിനും ഒരു പരിധി വേണം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുപോലും. ഞാന്‍ വീഡിയോ കണ്ടു. അയാള്‍ ഒരു നാണംകെട്ട പ്രസ്താവനയാണ് നടത്തിയത്. ചുറ്റും കൂടിയിരുന്ന എല്ലാവരും ചിരിച്ചു. ആരും അയാളെ എതിര്‍ക്കാന്‍ കൂട്ടാക്കിയില്ല. ഞാന്‍ ശക്തിമാന്‍ ആയിരുന്നെങ്കില്‍ അവനെ വലിച്ചിഴച്ച് മുകളിലേക്കെറിയുമായിരുന്നു,'' മുകേഷ് ഖന്ന കൂട്ടിച്ചേര്‍ത്തു.

ഷോയില്‍ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് രണ്‍വീറിനൊപ്പം പ്രശസ്ത സ്റ്റാന്റപ്പ് കൊമേഡിയന്‍ സമയ് റെയ്ന, സോഷ്യല്‍ മീഡിയ ഇന്റഫ്ളുവന്‍സര്‍ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

പരിപാടിയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. 'ജീവിതകാലം മുഴുവന്‍ എല്ലാ ദിവസവും നിങ്ങളുടെ മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണണോ, അതോ ഒരിക്കല്‍ അതില്‍ ചേരുകയും അത് എന്നെന്നേക്കുമായി നിര്‍ത്തുകയും ചെയ്യണോ?' എന്നാണ് രണ്‍വീര്‍ ചോദിച്ചത്. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് രണ്‍വീറിനും ഷോയിലെ മറ്റ് വിധികര്‍ത്താക്കള്‍ക്കും അതിഥികള്‍ക്കും നേരിടേണ്ടിവന്നത്. ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിയര്‍ബൈസപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ ക്ഷമാപണം. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി.

Content Highlights: Actor Mukesh Khanna criticizes Ranveer Allabadi and others for obscene remarks on `India`s Got Talen