‘വേർപിരിയാൻ തീരുമാനിച്ചു’; സൂരജ് നമ്പ്യാരുമായുള്ള വിവാഹമോചനം സ്ഥിരീകരിച്ച് നടി മൗനി റോയ്

മലയാളിയായ സൂരജ് നമ്പ്യാരുമായുള്ള വിവാഹമോചനം സ്ഥിരീകരിച്ച് നടി മൗനി റോയ്. സാമൂഹികമാധ്യമങ്ങളിൽ സംയുക്തമായി പങ്കുവെച്ച കുറിപ്പിലാണ് വേർപിരിയുന്നതായി സ്ഥിരീകരിച്ചത്. പരസ്പര ധാരണയോടെയാണ് പിരിയാനുള്ള തീരുമാനമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
'ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതിൽ ഞങ്ങൾ അതൃപ്തി രേഖപ്പെടുത്തുന്നു. ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചുവെന്ന കാര്യം വ്യക്തമാക്കട്ടെ. സ്വകാര്യമായും സൗഹാർദ്ദത്തോടെയും ഞങ്ങളത് കൈകാര്യംചെയ്യുകയാണ്'-കുറിപ്പിൽ വ്യക്തമാക്കി.
'ഞങ്ങളുടെ ബന്ധത്തെ സംബന്ധിച്ച് യാതൊരു അടിസ്ഥാനവുമില്ലാത്തെ, കെട്ടിച്ചമച്ച വിവരണങ്ങളോടേയും നുണപ്രചാരണങ്ങളിലൂടേയും സ്വകാര്യജീവിതം പൊടിപ്പുംതൊങ്ങലും ചേർത്ത് അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വ്യക്തിപരമായ മുൻഗണനകളിലെ മാറ്റത്തെക്കുറിച്ച് വിലയിരുത്തൽ നടത്തിയ ശേഷം, പരസ്പര ബഹുമാനത്തോടും ധാരണയോടും കൂടി ഞങ്ങൾ സ്വന്തം വഴിയിൽ മുന്നോട്ടുപോവാൻ ധാരണയായിരിക്കുന്നു. ഈ ഘട്ടം വളരെ സ്വകാര്യമായി തന്നെ കടന്നുപോവാൻ ഞങ്ങൾ ശ്രദ്ധപുലർത്തുന്നുണ്ട്'- നടി അറിയിച്ചു.
'ഭാവിയിൽ സൗഹൃദം തുടരും. ഈ സമയത്ത് ഞങ്ങളെ മനസിലാക്കുന്നതിനും സ്വകാര്യത മാനിക്കുന്നതിനും തുടർന്നുവരുന്ന പിന്തുണയ്ക്കും നന്ദി', എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പിന്റെ അവസാനം രണ്ടുപേരുടേയും പേരുകൾ ചേർത്തിട്ടുണ്ട്.
മൗനിയും സൂരജും സാമൂഹികമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് അഭ്യൂഹങ്ങൾക്ക് പരന്നത്. ഇരുവരുമായി അടുത്ത ബന്ധമുള്ള നടി ദിഷാ പഠാണിയും സൂരജിനെ അൺഫോളോ ചെയ്തിരുന്നു.
2022 ജനുവരിയിലാണ് മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരായത്. അതിന് ശേഷം ഒന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
നടിയും സംരംഭകയുമാണ് മൗനി. 2022 ജനുവരിയിൽ ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മലയാളി, ബംഗാളി പാരമ്പര്യങ്ങൾ പ്രകാരമുള്ള ചടങ്ങളുകളുണ്ടായിരുന്നു. മലയാളി ആചാരങ്ങളോടെയാണ് ചടങ്ങ് ആരംഭിച്ചത്, വൈകുന്നേരത്തോടെ ബംഗാളി വിവാഹവും നടന്നു. 'ഞാനെന്റെ പങ്കാളിയെ കണ്ടെത്തി.. കൈകോർത്ത്, കുടുംബത്തിന്റെയും കൂട്ടുകാരുടെയും അനുഗ്രഹത്തോടെ, ഞങ്ങൾ വിവാഹിതരായി! നിങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും വേണം. സ്നേഹത്തോടെ, സൂരജും മൗനിയും.' -ഇതായിരുന്നു അന്ന് വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൗനി കുറിച്ചത്.
Content Highlights: Mouni Roy and Suraj Nambiar have officially announced their separation. The couple confirmed the decision was mutual and amicable. They addressed media speculation and requested privacy during this time. The pair married in January 2022 following both Malayali and Bengali traditions. The couple intends to remain friends despite the split