'ഗേ' ആണെന്നത്; തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പെന്ന് നടി മൗനി റോയ്

മുൻ ഭർത്താവ് സൂരജ് നമ്പ്യാരുമായുള്ള വേർപിരിയലിന് പിന്നാലെ തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൗനി റോയ്. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് തന്നെക്കുറിച്ച് പ്രചരിച്ച ഏറ്റവും വലിയ ഗോസിപ്പ് താൻ ഒരു 'ഗേ' ആണെന്നതാണെന്ന് താരം വെളിപ്പെടുത്തിയത്. 2022-ൽ വിവാഹിതരായ മൗനിയും മലയാളിയായ സൂരജും കഴിഞ്ഞ മേയിലാണ് വിവാഹമോചന വാർത്ത അറിയിച്ചത്.
തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പ് ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മൗനി. ഒട്ടും മടിക്കാതെ 'ഓ, 'ഗേ' ആണെന്നത്', എന്നായിരുന്നു മൗനിയുടെ മറുപടി. സൂരജുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് നടിയുടെ പ്രതികരണം.
വേർപിരിയലിന് ശേഷമുള്ള സമയങ്ങളെക്കുറിച്ച് സംസാരിച്ച മൗനി, പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് ശക്തമായൊരു പിന്തുണയുമായി ഒട്ടേറെപ്പേർ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. അതൊരു ഭാഗ്യമായി കരുതുന്നു. കഠിന സമയങ്ങളെ അതിജീവിക്കാൻ തന്നെ സഹായിച്ചത് കുടുംബവും അടുത്ത സുഹൃത്തുക്കളും പ്രത്യേകിച്ച് തന്റെ പെൺസൗഹൃദങ്ങളുമാണെന്ന് താരം കൂട്ടിച്ചേർത്തു. 'പാറപോലെ എനിക്കൊപ്പം ഉറച്ചുനിന്ന സുഹൃത്തുക്കളും കുടുംബവും എപ്പോഴും കൂടെയുണ്ടായിരുന്നത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു,' എന്നായിരുന്നു മൗനി റോയിയുടെ വാക്കുകൾ.
തന്റെ പെൺസൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കവേ, ജീവിതത്തിൽ പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്നും അവർ വ്യക്തമാക്കി. 'എന്നെ പിന്തുണയ്ക്കാൻ എനിക്ക് എപ്പോഴും മികച്ച പെൺസുഹൃത്തുക്കൾ ഉണ്ടായിരുന്നു. എന്റെ നല്ല കാലത്തും മോശം കാലത്തും അവർ എനിക്കൊപ്പമുണ്ടായിരുന്നു. നിങ്ങളെ ഉയർത്തിക്കൊണ്ടുവരുന്ന അത്തരം സ്ത്രീകൾ ജീവിതത്തിൽ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്', മൗനി റോയ് പറഞ്ഞു.
ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് മൗനിയും സൂരജും തങ്ങളുടെ വേർപിരിയൽ വാർത്ത അറിയിച്ചത്. പരസ്പര സമ്മതത്തോടെയും സൗഹാർദ്ദപരമായും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇരുവരും വ്യക്തമാക്കി. ഇവരുടെ വേർപിരിയലുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ, തർക്കങ്ങളോ ജീവനാംശ ആവശ്യങ്ങളോ മൂന്നാമതൊരു വ്യക്തിയുടെ ഇടപെടലോ ഇല്ലെന്ന് വ്യക്തമാക്കി സൂരജ് നമ്പ്യാരും പ്രത്യേകം പ്രസ്താവന ഇറക്കിയിരുന്നു.
Content Highlights: Bollywood actress Mouni Roy addresses the wildest rumor she has heard about herself, revealing that people claimed she was gay. This reaction follows her recent amicable divorce from her Malayali husband, Suraj Nambiar, whom she married in 2022. Speaking in a YouTube interview, she expressed how deeply thankful she is for the immense support received during her separation. She credited her family and a strong circle of female friends for standing by her like a rock through these testing times. Earlier, both Mouni and Suraj confirmed their split via Instagram, explicitly dismissing any rumors regarding alimony disputes or third-party involvement