'ധുരന്ധർ 3-യിൽ നമ്മൾ പാകിസ്താൻ ഏജന്റുമാർ ആയിരിക്കും’; പരിഹാസവുമായി നടി മോക്ഷ

ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചവർക്കെതിരെയുള്ള വിമർശനങ്ങൾക്ക് പരിഹാസ മറുപടിയുമായി നടി മോക്ഷ. സമരത്തെ പിന്തുണച്ചവർ ധുരന്ധർ മൂന്നാംഭാഗത്തിൽ പാകിസ്താനി ഏജന്റുമാർ ആയിരിക്കുമെന്നായിരുന്നു മോക്ഷയുടെ പരിഹാസം. വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി നേരത്തെ രംഗത്തെത്തിയിരുന്നു.
'ധുരന്ധർ മൂന്നിൽ നമ്മൽ എല്ലാവരും പാകിസ്താൻ ഏജന്റുമാർ ആയിരിക്കും. പുതിയ ദേശീയ അവാർഡ് ജേതാവായ സംവിധായകന്റെ വീക്ഷണത്തിനായി നമുക്ക് കാത്തിരിക്കാം', എന്നായിരുന്നു മോക്ഷയുടെ സാമൂഹികമാധ്യമക്കുറിപ്പ്. ‘P*kistani’ എന്നാണ് നടി പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്.
താൻ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കൊപ്പമാണെന്ന് മോക്ഷ നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കണം. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, ആർ.ജി. കർ മെഡിക്കൽ കോളേജിൽ വിദ്യാർഥി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ തെരുവിൽ നൃത്തംചെയ്ത് ശ്രദ്ധനേടിയ നടിയാണ് മോക്ഷ. മലയാളത്തിൽ ഉൾപ്പെടെ തെന്നിന്ത്യൻ ചിത്രങ്ങളിൽ സജീവമാണ് നടി.
Content Highlights: Actress Mokksha responded with sharp satire to critics after she voiced support for the ongoing student protest organized by the Cockroach Janata Party at Delhi's Jantar Mantar. In a satirical social media post, she commented that everyone supporting the protest would likely be portrayed as Pakistani agents in the upcoming third installment of the film Dhurandhar. She further added that audiences should await the vision of the new National Award-winning director regarding this subject. Reaffirming her solid stance with the protesting students, Mokksha demanded adequate compensation for the families of deceased students and called for the immediate resignation of the Education Minister. Mokksha, an active actress in South Indian cinema including Malayalam films, previously gained widespread attention for her street dance protest during the RG Kar Medical College incident.