24 മണിക്കൂറാണ് അന്ന് ഇമ്രാൻ ഹഷ്മി തുടർച്ചയായി ജോലി ചെയ്തത് -മോഹിത് സൂരി

#മൂവി ഡെസ്ക്
മോഹിത് സൂരി, ഇമ്രാൻ ഹഷ്മി | ഫോട്ടോ: AFP
മോഹിത് സൂരി, ഇമ്രാൻ ഹഷ്മി | ഫോട്ടോ: AFP

സിനിമാ സെറ്റുകളിലെ എട്ടു മണിക്കൂർ ജോലിസമയത്തെക്കുറിച്ചുള്ള ചർച്ചകളിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ മോഹിത് സൂരി. അഭിനേതാക്കൾക്ക് മാത്രമല്ല, ലൈറ്റ് ബോയ്സും സഹായികളുമടങ്ങുന്ന മുഴുവൻ അണിയറപ്രവർത്തകർക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് നടൻ ഇമ്രാൻ ഹാഷ്മി ഒരു ചിത്രത്തിനായി തുടർച്ചയായി 24 മണിക്കൂർ ജോലി ചെയ്ത സാഹചര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ആവാരാപൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടന്ന സംഭവമാണ് മോഹിത് സൂരി ഓർത്തെടുത്തത്. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു ഹോട്ടലിലെ പ്രെസിഡൻഷ്യൽ സ്യൂട്ട് 24 മണിക്കൂർ നേരത്തേക്ക് മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഇമ്രാൻ ഹാഷ്മി വിശ്രമമില്ലാതെ സഹകരിച്ചു. എന്നാൽ ഇത്തരം ഷിഫ്റ്റുകളെക്കുറിച്ചുള്ള ചർച്ചകൾ വെറും ഈഗോയുടെ ഭാഗമായി മാറരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജോലി സമയത്തിലെ മാറ്റങ്ങൾ കേവലം നടീനടന്മാർക്ക് വേണ്ടി മാത്രമാകരുതെന്നും സിനിമാ യൂണിറ്റിലെ മുഴുവൻ തൊഴിലാളികളുടെയും ക്ഷേമം മുൻനിർത്തിയാകണമെന്നും സൂരി ഊന്നിപ്പറഞ്ഞു. സെറ്റിലെ ലൈറ്റ്മാൻമാരും അസിസ്റ്റന്റ് ഡയറക്ടർമാരും ഷൂട്ടിംഗിന് മുൻപും ശേഷവും കഠിനാധ്വാനം ചെയ്യുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഷിഫ്റ്റ് 12 മണിക്കൂർ ആണെങ്കിൽ, ഉപകരണങ്ങൾ ലോഡ് ചെയ്യാനും അൺലോഡ് ചെയ്യാനുമായി അവർ ഏകദേശം 14-15 മണിക്കൂറോളം ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും അവർക്ക് അർഹമായ പരിഗണന ലഭിക്കണമെന്നും മോഹിത് സൂരി പറഞ്ഞു.

"എട്ട് മണിക്കൂർ കൊണ്ട് ജോലി തീർക്കാൻ കഴിയുമെങ്കിൽ അതിൽ തെറ്റില്ല, പക്ഷേ ഈ വിഷയത്തെ കൂടുതൽ മനുഷ്യത്വപരമായ കാഴ്ചപ്പാടോടെ കാണേണ്ടതുണ്ട്. അണിയറപ്രവർത്തകർ മഴയത്തും മറ്റും ജോലി കഴിഞ്ഞ് കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ വലിയൊരു മാറ്റം ആവശ്യമാണ്." അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിൽ മോഹിത് സൂരി തന്റെ പുതിയ സിനിമയുടെ തിരക്കഥാ രചനയിലാണ്. ഇമ്രാൻ ഹാഷ്മി 'ഹഖ്' പോലുള്ള ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം ഇപ്പോൾ 'ആവാരപൻ 2' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.

Content Highlights: Director Mohit Suri emphasizes that discussions regarding 8-hour work shifts must prioritize the welfare of ground-level crew members like light boys and assistants rather than just focusing on actors.