ഇത് ഇതുവരെ കാണാത്തത്; ശ്രദ്ധനേടി സൈജു കുറുപ്പിന്റെ 'മോഹിനിയാട്ടം' ഫസ്റ്റ് ലുക്ക്

മലയാള സിനിമയുടെ പ്രൊമോഷൻ രീതികളിൽ വേറിട്ട മാറ്റങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണമാണ്.
തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
സാധാരണയായി ഒരു സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നത് സൂപ്പർ താരങ്ങളോ പ്രമുഖ സംവിധായകരോ ആണ്. എന്നാൽ ഇവിടെ ചിത്രം പരിചയപ്പെടുത്തുന്നത് മലയാള സിനിമ കണ്ട ഏറ്റവും 'കുപ്രസിദ്ധരായ' കഥാപാത്രങ്ങളാണ്.
കളങ്കാവലിലെ സ്റ്റാൻലി ദാസ്, കമ്മാരസംഭവത്തിലെ കമ്മാരൻ നമ്പ്യാർ, മാർക്കോ എന്നിവരാണത്. ഈ അനൗൺസ്മെന്റ് 'എന്തിനാണ് ഈ വില്ലന്മാർ സൈജു കുറുപ്പിന്റെ സിനിമയുമായി കൈകോർക്കുന്നത്?'-ഇതാണ് ഈ പോസ്റ്ററുകൾ കാണുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഉയരുന്ന ചോദ്യം.
മലയാള സിനിമയിൽ ആദ്യമായാണ് സ്വന്തം ചിത്രത്തിന്റെ പ്രചാരണത്തിനായി വില്ലൻ പരിവേഷമുള്ള, മറ്റ് സിനിമയിലെ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കുന്നത്. ഇത് വെറുമൊരു മാർക്കറ്റിങ് തന്ത്രമാണോ അതോ ചിത്രത്തിന്റെ കഥയുമായി ഈ സ്വഭാവങ്ങൾക്ക് വല്ല ബന്ധവുമുണ്ടോ എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. സ്ലോ പോയിസൺ പോലെ പ്രേക്ഷകരിലേക്ക് ഈ കൗതുകം പടർത്താൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമാണം. 'ഭരതനാട്യം 2: മോഹിനിയാട്ടം' ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മലയാളികൾ ആഘോഷിച്ച 'ഐക്കോണിക്' കഥാപാത്രങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് പുറത്തുവന്നത്.
സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. ചിത്രത്തിന്റെ രചന- കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം- ബബ്ലു അജു. ചിത്രസംയോജനം- ഷഫീഖ് വി.ബി., സംഗീതം- ഇലക്ട്രോണിക് കിളി, കലാസംവിധാനം- ദിൽജിത് എം. ദാസ്, ശബ്ദസംവിധാനം- ധനുഷ് നായനാർ, ശബ്ദമിശ്രണം- വിപിൻ നായർ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ചമയം- മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാംസൺ സെബാസ്റ്റ്യൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൽമാൻ കെ.എം., പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, സ്റ്റിൽസ്- വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ- ഡോട്ട് VFX സ്റ്റുഡിയോ, പിആർഒ- എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്, കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ- പപ്പറ്റ് മീഡിയ.
Content Highlights: Unique promotion for Saiju Kurupp`s `Mohiniyattam (Bharatanatyam 2)`. Malayalam cinema`s boldest marketing strategy yet!