'ആരാണ് കങ്കണ, എന്നെ മോശക്കാരിയാക്കാന്‍ അവരാര്'; മൊഹീന്ദര്‍ കൗര്‍ ചോദിക്കുന്നു

മൊഹീന്ദര്‍ കൗര്‍, കങ്കണ| Photo: https:||www.youtube.com|watch?v=yXX0sCUAwBY, ANI
മൊഹീന്ദര്‍ കൗര്‍, കങ്കണ| Photo: https:||www.youtube.com|watch?v=yXX0sCUAwBY, ANI

ഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവെന്ന് ചിത്രീകരിച്ച നടി കങ്കണ റണാവത്തിനെതിരേ വ്യാപക പ്രതിഷേധം. മൊഹീന്ദര്‍ കൗര്‍ എന്ന വയോധികയെയാണ് കങ്കണ ബില്‍കിസ് ബാനുവാക്കി ചിത്രീകരിച്ചത്. 100 രൂപയ്ക്ക് ഇവരെ സമരം നടത്താന്‍ ലഭിക്കുമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് മൊഹീന്ദര്‍ കൗര്‍.

താന്‍ വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണെന്നും മറ്റൊരു തൊഴിലും താന്‍ ചെയ്യാറില്ലെന്നും മൊഹീന്ദര്‍ കൗര്‍ വ്യക്തമാക്കി. ''ആരാണ് കങ്കണ, എന്നെ മോശക്കാരിയാക്കാന്‍ അവര്‍ ആരാണ്. അവര്‍ ഒരിക്കലും എന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയില്ല. ഞാന്‍ എന്റെ മകനൊപ്പം താമസിക്കുന്നു. എന്റെ അരിവാള്‍ ഉപയോഗിച്ച് വിളവെടുക്കുന്നു. ഞാന്‍ ഇപ്പോഴും പഞ്ഞി കൃഷി ചെയ്യുന്നു. എന്റെ കുടുംബത്തിന് വേണ്ടി പച്ചക്കറികള്‍ നടുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നു.'' മൊഹീന്ദര്‍ കൗര്‍ പറഞ്ഞു

12 ഏക്കല്‍ നിലമുള്ള തങ്ങള്‍ 100 രൂപയ്ക്ക് വേണ്ടി പ്രതിഷേധിക്കാന്‍ പോകില്ലെന്ന് മൊഹീന്ദര്‍ കൗര്‍ സിംഗിന്റെ ഭര്‍ത്താവ് ലാഭ് സിംഗ് പറഞ്ഞു. 

പ്രസ്താവന പിന്‍വലിച്ച് കങ്കണ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ ഹക്രം സിങ് നടിക്കെതിരേ വക്കീല്‍ നോട്ടീസും അയച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് കങ്കണ വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കണമെന്നും ഒരു സ്ത്രീയെ തെറ്റായി ചിത്രീകരിച്ച ട്വീറ്റില്‍ അവര്‍ മാപ്പ് പറയണമെന്നും ഹക്രം സിങ് ആവശ്യപ്പെട്ടു. മാന്യമായി രീതിയില്‍ പ്രതിഷേധം നടത്തുന്ന സ്ത്രീകളുടെ അന്തസ്സും പ്രതിച്ഛായയും ഇടിച്ചുതാഴ്ത്തുകയാണ് കങ്കണ ചെയ്തതെന്നും നോട്ടീല്‍ ആരോപിച്ചു.

Content Highlights: Mohinder Kaur 73-year-old protester lashes out at Kangana Ranaut for misleading tweet Bilkis Dadi, Shaheen Bagh protests

Content Highlights: