മോഹൻലാലിന് വിസ കിട്ടിയില്ല, സിഡ്നി ഷോ മാറ്റിവെച്ചു, മാപ്പുചോദിച്ച് വീഡിയോ സന്ദേശം

വിസ കിട്ടാത്തതിനെ തുടർന്ന് മോഹൻലാലിന്റെ നേതൃത്വത്തിൽ നടക്കാനിരുന്ന സിഡ്നി ഷോ മാറ്റിവെച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ ഓസ്ട്രേലിയയിലെത്തിയിരുന്നു. എന്നാൽ മോഹൻലാലിന് വിസ കിട്ടാത്തതിനാൽ ഷോ മാറ്റിവെയ്ക്കുകയായിരുന്നു. സംഭവത്തിൽ വൈകാരിമായി ക്ഷമ ചോദിച്ച് മോഹൻലാൽ സംഘാടകർക്ക് വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറഞ്ഞു.
സാങ്കേതിക പിഴവാണോ അതോ ക്ലറിക്കൽ മിസ്റ്റേക്കാണോ എന്താണെന്ന് അതിന്റെ കൂടുതൽ കാര്യങ്ങളിലേയ്ക്ക് താൻ പോകുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ കുറ്റമായി തന്നെ അത് നിങ്ങളോട് പറയുന്നു. തനിക്ക് വരാൻ പറ്റുന്നില്ല. ബാക്കി എല്ലാവരും അവിടെയുണ്ട്. എന്തുപറയണമെന്ന് അറിയില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും മോഹൻലാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
"വളരെ സങ്കടകരമായ അവസ്ഥയിലാണ്. ഇന്ത്യയിൽ നിന്നുള്ള അഭിനേതാവ് എന്ന നിലയിൽ ഏറ്റവും കൂടുതൽ ഷോ ചെയ്തിരിക്കുക ഞാനാവും. ഏറ്റവും നല്ല കോൺസെപ്റ്റുമായാണ് നിങ്ങളുടെ അടുത്തേയ്ക്ക് ഞാൻ എത്താൻ ശ്രമിച്ചത്. കെ.എസ്. ചിത്രയടക്കം എന്റെ കൂടെയുള്ള എല്ലാവരും അവിടെയുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊന്ന് സംഭവിക്കുന്നത്. എന്റെ വിസ എനിക്ക് കിട്ടിയില്ല.
എങ്ങനെയാണ് അത് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. സാങ്കേതിക പിഴവാണോ അതോ ക്ലറിക്കൽ മിസ്റ്റേക്കാണോ എന്താണെന്ന് ഞാൻ അതിൻ്റെ കൂടുതൽ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാൻ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാൻ പറ്റുന്നില്ല. ഞാൻ ഒഴിച്ച് എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഞാൻ ക്ഷമ ചോദിക്കുന്നു. ഡ്രെൈവ് ചെയ്തും അല്ലാതെയും ഷോ കാണാൻ അവിടെയെത്തിയ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു.
ഇതേ ടീമുമായി ഞങ്ങൾ മടങ്ങി വരുമെന്നും ഗംഭീരമായ ഒരു ഷോ ചെയ്യുമെന്നും ഞാൻ വാക്ക് തരികയാണ്. ഡേറ്റ് എനിക്ക് അറിയില്ല. ആളുകളുടെ സൗകര്യം അനുസരിച്ചായിരിക്കും അത്. ഓരോരുത്തരോടും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു. ഞാൻ നിസ്സഹായനാണ്. എന്റെ ക്ഷമാപണം സ്വീകരിക്കണം." മോഹൻലാൽ പറഞ്ഞു.
Content Highlights: Actor Mohanlal released an emotional video apologizing to fans after his scheduled show in Sydney was postponed due to an unexpected visa delay, despite the rest of the team having already arrived in Australia.