റിയാലിറ്റി ഷോയിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാദത്തിൽ; വിശദീകരണവുമായി പേഴ്‌സണൽ സ്റ്റൈലിസ്റ്റ്

ടെലിവിഷൻ റിയാലിറ്റി ഷോയിലെ മോഹൻലാൽ ധരിച്ച ഷർട്ട് വിവാദത്തിൽ. മോഹൻലാലിന്റെ ഷർട്ടിന്റെ ഡിസൈനിനെതിരെ പ്രവാസി കലാകാരൻ രംഗത്തെത്തി. തന്റെ ചിത്രം അനുവാദമില്ലാതെ മോഹൻലാലിന്റെ ഷർട്ടിന്റെ ഡിസൈനിൽ ഉപയോഗിച്ചുവെന്നാണ് ആരോപണം. പിന്നാലെ വിശദീകരണവുമായി മോഹൻലാലിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ് രംഗത്തെത്തി.
'ഏകദേശം മൂന്നുവർഷം യു.എ.ഇയിലെ തെരുവുകളിലൂടെ നടന്ന്, വിവിധ രാജ്യക്കാരായ യഥാർഥ മനുഷ്യരെ നേരിൽക്കണ്ടും വരച്ചുമാണ് എന്റെ ഗ്ലോബൽ പീസ് ആർട്ട് വർക്ക് രൂപപ്പെട്ടത്. ഞാൻ നേരിട്ട് കണ്ട യു.എ.ഇയുടെ വൈവിധ്യത്തിന്റെ വിഷ്വൽ ഡോക്യുമെന്റേഷൻ കൂടിയാണിത്', തന്റെ കലാരൂപത്തെക്കുറിച്ച് ചിത്രകാരനായ സിജിൻ ഗോപിനാഥൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'വൈവിധ്യം എന്ന ആശയം ആരുടെയും സ്വന്തമല്ല. ആളുകളെ ഒരുമിച്ച് വരയ്ക്കുക എന്ന ആശയം ആർക്കും ഉപയോഗിക്കാം. പക്ഷേ, നിലവിലുള്ള ഒരു കലാരൂപം തിരിച്ചറിയാവുന്ന മുഖങ്ങളും ഭാവങ്ങളും കഥാപാത്രങ്ങളും ദൃശ്യഭാഷയും അടിസ്ഥാനമായി ഉപയോഗിച്ച ശേഷം കുറച്ച് മാറ്റങ്ങൾ വരുത്തിയതുകൊണ്ട് അതിന്റെ ഒറിജിനൽ സോഴ്‌സ് ഇല്ലാതാകുന്നില്ല. ഇത് മോഹൻലാൽ സാറിനെതിരെയുള്ള വിഷയമല്ല. ഈ ഡിസൈനിന് ഉത്തരവാദികളായ ഫാഷൻ-ഡിസൈൻ-മീഡിയ ടീമിനോടാണ് എന്റെ ആശങ്ക പങ്കുവെക്കുന്നത്', സിജിൻ കുറിച്ചു.
'വർഷങ്ങളുടെ ഫീൽഡ് വർക്കും ക്രിയേറ്റീവ് എഫർട്ടുമുള്ള ഒരു ആർട്ട് വർക്ക് റെഫറൻസ് ആക്കുമ്പോൾ, യഥാർഥ ആർട്ടിസ്റ്റിനെ അംഗീകരിച്ച്, ക്രെഡിറ്റ് നൽകുക എന്നത് ഏറ്റവും അടിസ്ഥാനപരമായ ബഹുമാനമാണ്. പ്രചോദനം ഉൾക്കൊള്ളാം. സോഴ്‌സ് മറക്കരുത്. ആർട്ടിസ്റ്റിന് ക്രെഡിറ്റ് നൽകുക', അദ്ദേഹം കൂട്ടിച്ചേർത്തു.
സിജിൻ ഗോപിനാഥിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് വൈറലായതോടെ പ്രതികരണവുമായി മോഹൻലാലിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ രംഗത്തെത്തി. റിയാലിറ്റി ഷോയ്ക്കായി മോഹൻലാലിന്റെ സ്‌റ്റൈലിങ് ചെയ്യുന്നത് താനല്ലെന്ന് അവർ വ്യക്തമാക്കി. 'ഞാനാണ് ലാൽ സാറിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ്. എന്നാൽ റിയാലിറ്റി ഷോയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ കോസ്റ്റ്യൂമുകൾ ചെയ്യുന്നത് ഞാനല്ല. നന്ദി', അവർ കുറിച്ചു.
അതിനിടെ, റിയാലിറ്റി ഷോയ്ക്ക് വേണ്ടി മോഹൻലാലിന് വേഷങ്ങൾ ഒരുക്കുന്നത് പ്രവീൺ വർമ എന്ന സ്റ്റൈലിസ്റ്റാണെന്ന വിവരം പുറത്തുവന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പക്ഷേ, വിവാദത്തോട് പ്രവീൺ വർമ പ്രതികരിച്ചിട്ടില്ല. ലളിതവും പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ ലുക്കാണ് ഇത്തവണ മോഹൻലാലിനായി ഒരുക്കുന്നതെന്ന് പ്രവീൺ വർമ പറഞ്ഞു.
വിവാദം ചൂടുപിടിച്ചതിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി സിജിൻ ഗോപിനാഥൻ രംഗത്തെത്തി. നെഗറ്റീവ് പബ്ലിസ്റ്റിയിലൂടെയോ വിവാദങ്ങളിലൂടെയോ ശ്രദ്ധനേടുക എന്നത് തന്റെ രീതിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ഹേറ്റ് കാംപയിനിന്റെ ഭാഗമാകാനോ വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധനേടാനോ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം പുതിയ പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ, താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം അടിവരയിട്ടു. അതേസമയം, നേരത്തെ പങ്കുവെച്ച പോസ്റ്റ് സിജിൻ പിൻവലിച്ചു.
'എന്റെ ആർട്ട് വർക്കിലെ മുഖങ്ങൾ തെരുവുകളിലും ജീവിതയാത്രയിലും ഞാൻ നേരിട്ട് കണ്ടുമുട്ടിയ യഥാർഥ മനുഷ്യരിൽ നിന്നുള്ളവയാണ്. മൂന്ന് വർഷത്തോളം സമയമെടുത്താണ് ആ മുഖങ്ങൾ വരച്ചതും ഈ ആർട്ട് വർക്ക് രൂപപ്പെടുത്തിയതും. ഓരോ മുഖത്തിനും പിന്നിൽ ഓരോ ഓർമ്മയുണ്ട്. അതുകൊണ്ടുതന്നെ ഇത് എനിക്ക് വെറുമൊരു സാങ്കൽപ്പിക ആർട്ട്വർക്ക് അല്ല. ഡൂഡിൽ ആർട്ട് ഞാൻ കണ്ടുപിടിച്ചതാണെന്നോ, ഡൂഡിലിംഗ് എന്ന ആശയത്തിന്മേൽ എനിക്ക് അവകാശമുണ്ടെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വാക്കുകളായി ചിത്രീകരിക്കരുതെന്ന് അഭ്യർഥിക്കുന്നു', സിജിൻ കുറിച്ചു.
'അതിലും പ്രധാനമായി, എന്റെ വാക്കുകളെ വളച്ചൊടിച്ച് ഞാൻ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ലാൽ സാറിനെതിരെ ഉപയോഗിക്കരുത്. അദ്ദേഹത്തിനെതിരെ ഒരു തരത്തിലുള്ള നെഗറ്റിവിറ്റിയും സൃഷ്ടിക്കുക എന്നത് എന്റെ ഉദ്ദേശമല്ല. എന്റെ കലയോടോ എന്റെ കാഴ്ചപ്പാടിനോടോ വിയോജിക്കാനുള്ള എല്ലാവരുടെയും അവകാശത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ, ഞാൻ പറഞ്ഞ കാര്യങ്ങളെ അതിന്റെ യഥാർത്ഥ സാഹചര്യത്തിൽ തന്നെ മനസ്സിലാക്കണമെന്ന് അഭ്യർഥിക്കുന്നു. നെഗറ്റിവിറ്റിയിലൂടെ ശ്രദ്ധ നേടുന്നതിനേക്കാൾ, എന്റെ കല തന്നെ എനിക്ക് വേണ്ടി സംസാരിക്കട്ടെ', അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: NRI artist Sijin Gopinath accused a fashion team of copying his Global Peace Artwork for Mohanlal's reality show shirt design. Sijin clarified that his concern is directed at the fashion and media team behind the design, not actor Mohanlal. Mohanlal's personal stylist Shanthi Krishna responded that she does not handle his costumes for the reality show. Reports indicate that stylist Praveen Verma is responsible for Mohanlal's outfits on the reality show. Praveen Verma spoke about the styling concept for the actor but did not address the controversy directly.