പാരമ്പര്യവും ആധുനികതയും കൈകോർക്കുന്ന സംസ്ഥാനം, കേരളം രചിക്കുന്നത് കരുത്തുറ്റ വികസനഗാഥ-മോഹൻലാൽ

#Entertainment Desk
മോഹൻലാൽ | Photo: facebook.com/ActorMohanlal
മോഹൻലാൽ | Photo: facebook.com/ActorMohanlal

പാരമ്പര്യവും ആധുനികതയും കൈകോർക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് നടൻ മോഹൻലാൽ. കരുത്തുറ്റ വികസനഗാഥയാണ് കേരളം രചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ മൈ ജിഒവി ഇന്ത്യയുടെ യുറ്റ്യൂബ് ചാനലിലെ പോഡ്കാസ്റ്റിലാണ് മോഹൻലാൽ ഇക്കാര്യങ്ങൾ പറഞ്ഞത്. കേരളത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'പാരമ്പര്യവും ആധുനിക വളർച്ചയും കൈകോർക്കുന്നതിലൂടെ വേറിട്ടുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, നദികൾ, ശങ്കരാചാര്യരെ പോലുള്ള സന്യാസിമാരുടെ പൈതൃകം എന്നിവയെല്ലാം ഇന്ത്യയുടെ ആത്മീയവും നാഗരികവുമായ സ്വത്വത്തിന് വലിയ സംഭാവന നൽകുന്നു.' -മോഹൻലാൽ പറഞ്ഞു.

'അതേസമയം കരുത്തുറ്റ വികസനഗാഥയും കേരളം രചിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി മെട്രോസ സാഗരികാ ക്രൂയിസ് ടെർമിനലുകൾ, ദേശീയപാത 66-ന്റെ വികസനം, വന്ദേഭാരത് ട്രെയിനുകൾ തുടങ്ങിയവയിലൂടെയാണ് കേരളം വികസനഗാഥ രചിക്കുന്നത്. ഇതെല്ലാം കേരളത്തിന്റെ കണക്ടിവിറ്റി, വ്യാപാരം, ടൂറിസം, തൊഴിൽ എന്നിവയെ മെച്ചപ്പെടുത്തും.' -മോഹൻലാൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും മോഹൻലാൽ പോഡ്കാസ്റ്റിൽ സംസാരിച്ചു. മോദി യഥാർഥ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമാണെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം പ്രചോദിപ്പിക്കുന്നതാണ്. വാക്കിനേക്കാൾ പ്രവൃത്തിക്ക് പ്രധാന്യം നൽകുന്ന വ്യക്തിയാണ് മോദിയെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.

Content Highlights: Actor Mohanlal stated on the MyGov India podcast that Kerala is successfully blending its rich spiritual heritage with modern infrastructure projects like Vizhinjam International Sea Port and Kochi Metro, while also praising Prime Minister Narendra Modi's vision and dedication to national progress.