‘ഛോട്ടാ മുംബൈ പോലൊന്ന്’; മാസ് ചിത്രത്തിൽ നായകനായി മോഹൻലാൽ, സ്ഥിരീകരിച്ച് മണിയൻപിള്ള രാജു

#സ്വന്തം ലേഖകൻ
കൃഷാന്ദ്, മോഹൻലാൽ, മണിയൻപിള്ള രാജു | ഫോട്ടോ: മാതൃഭൂമി
കൃഷാന്ദ്, മോഹൻലാൽ, മണിയൻപിള്ള രാജു | ഫോട്ടോ: മാതൃഭൂമി

മോഹൻലാലിനെ നായകനാക്കി സിനിമ ആലോചനയിലുണ്ടെന്ന്‌ നടനും നിർമാതാവുമായ മണിയൻപിള്ള രാജു. ചിത്രത്തിന്റെ തിരക്കഥയുടെ ജോലികൾ പുരോഗമിക്കുകയാണെന്നും മണിയൻപിള്ള രാജു പറഞ്ഞു. കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് നിയോഗ് കൃഷ്ണയാണെന്നും മാതൃഭൂമി ഡോട്ട്‌കോമിന് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു സ്ഥിരീകരിച്ചു.

'ഛോട്ടാ മുംബൈ' പോലെ പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ കഴിയുന്ന സിനിമയാണ് മനസ്സിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. 'മോഹൻലാൽ എന്ന നടനിൽ ഇനിയും പൂർണമായി ഉപയോഗിക്കപ്പെടാത്ത ഒരുപാട് കഴിവുകളുണ്ട്. കുട്ടിത്തം, ഹ്യൂമർ, സീരിയസ് പ്രകടനങ്ങൾ, ആക്ഷൻ, ഡാൻസ്, പാട്ട് എല്ലാം ചെയ്യാൻ കഴിയുന്ന അത്യപൂർവമായ ഒരു നടനാണ് അദ്ദേഹം. അങ്ങനെയൊരു നടൻ കൈയിലുണ്ടാകുമ്പോൾ, അതിന് യോജിച്ച ശക്തമായ തിരക്കഥയാണ് ഏറ്റവും പ്രധാനപ്പെട്ടത്. തിരക്കഥയുടെ ജോലികൾ നടക്കുന്നു', മണിയൻപിള്ള രാജു പറഞ്ഞു.

'ഛോട്ടാ മുംബൈ', 'വെള്ളാനകളുടെ നാട്' തുടങ്ങിയ ചിത്രങ്ങൾക്ക് രണ്ടാംഭാഗങ്ങൾക്കുള്ള കഥകളുമായി ആളുകൾ സമീപിക്കാറുണ്ടെന്ന് മണിയൻപിള്ള രാജു പറഞ്ഞു. 'ഛോട്ടാ മുംബൈ' അവിടെ അവസാനിച്ച സിനിമയാണ്. പുതിയ കഥകളും ചിന്തകളുമാണ് വേണ്ടതെന്ന് തന്നെ സമീപിക്കുന്നവരോട് പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മണിയൻപിള്ള രാജു അഭിമുഖം | ‘ഇത്ര മെലിയാൻ എന്താ ചെയ്തതെന്ന് ഒരാൾ ചോദിച്ചു, കാൻസർ വരാൻ പ്രാർഥിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു’

ഒട്ടേറെ വിജയ ചിത്രങ്ങൾ നിർമിച്ച മണിയൻപിള്ള രാജു നിർമിച്ച മോഹൻലാൽ- അൻവർ റഷീദ് ചിത്രം 'ഛോട്ടാ മുംബൈ' റീ- റിലീസിലും പണം വാരിയിരുന്നു. പുതുതലമുറ ഉൾപ്പെടെ ചിത്രം തിയേറ്ററിൽ ആഘോഷമാക്കി. മോഹൻലാൽ നായകനായ പ്രിയദർശൻ- ശ്രീനിവാസൻ കൂട്ടുകെട്ടിലെ 'ഹലോ മൈ ഡിയർ റോങ് നമ്പർ' ആണ് മണിയൻപിള്ള രാജു ആദ്യമായി നിർമിച്ച ചിത്രം. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ 'വെള്ളാനകളുടെ നാട്', 'ഏയ് ഓട്ടോ', 'കണ്ണെഴുതി പൊട്ടുംതൊട്ട്', 'അനന്തഭദ്രം', 'ഒരുനാൾ വരും', 'പാവാട' തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചു. സൈജു കുറുപ്പ് നായകനായ 'ഗു' ആണ് ഒടുവിൽ നിർമിച്ച ചിത്രം.

പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് കൃഷാന്ദ്. ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം', 'ഗഗനചാരി', 'മസ്തിഷ്‌കമരണം' എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

ആസിഫ് അലിയുടെ മാസ് എന്റർടെയ്‌നർ 'ടിക്കി ടാക്ക'യുടെ തിരക്കഥാ കൃത്താണ് നിയോഗ് കൃഷ്ണ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനംചെയ്യുന്ന 'മട്ടാഞ്ചേരി മാഫിയ' എന്ന ചിത്രത്തിൽ തിരക്കഥാകൃത്തുക്കളിൽ ഒരാളുമാണ്.

Content Highlights: Actor and producer Maniyanpilla Raju has officially confirmed a new high-budget project starring superstar Mohanlal in the lead. The film will be helmed by National and State Award-winning director Krishand, known for critically acclaimed hits like 'Aavasavyuham' and 'Gaganachari'. The script is currently being penned by Niyog Krishna, who has previously worked on projects like Asif Ali's 'Tiki Taka' and Mammootty's upcoming 'Mattancherry Mafia'. Maniyanpilla Raju revealed that the upcoming film will be an out-and-out festival entertainer designed to celebrate Mohanlal's humor, action, and dance skills, matching the vibe of their previous cult hit 'Chotta Mumbai'. While rejecting rumors about direct sequels to classics like 'Chotta Mumbai' and 'Vellanakalude Nadu', the veteran producer emphasized that the focus is entirely on bringing fresh, innovative content to the new generation of audiences