‘അദ്ദേഹത്തിന് ഒരാളെ ഓർത്തുവെക്കാൻ ഇത്രയും മതിയെന്നത് അതിശയിപ്പിക്കുന്നു’; മോഹൻലാലിനെക്കുറിച്ച് കുറിപ്പ്

മോഹൻലാലും പുത്തൂര്‍ റഹ്‌മാനും | Photo: Facebook/ Puthur Rahman, Mathrubhumi
മോഹൻലാലും പുത്തൂര്‍ റഹ്‌മാനും | Photo: Facebook/ Puthur Rahman, Mathrubhumi

നടന്‍ മോഹന്‍ലാലിനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ യുഎഇ ഘടകം പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാന്‍. കേവലം രണ്ടുതവണ മാത്രം അടുത്തിടപഴകിയ തന്നെ മോഹന്‍ലാല്‍ ഓര്‍ത്തിരിക്കുന്നതില്‍ ആശ്ചര്യംപ്രകടിപ്പിക്കുന്ന കുറിപ്പാണ് പുത്തൂര്‍ റഹ്‌മാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. തന്നെ ഓര്‍മയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ പേര് പറഞ്ഞ് അഭിസംബോധനചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു.

മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറായ ബ്രാന്‍ഡ്, ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേട്ടത്തില്‍ അദ്ദേഹത്തെ ആദരിക്കാനായി പരിപാടി സംഘടിപ്പിച്ചിരുന്നു. കെയ്ക്ക് കട്ടിങ്ങിനിടെ മോഹന്‍ലാലിനോട് പുത്തൂര്‍ റഹ്‌മാന്‍ തന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചതായി കുറിപ്പില്‍ പറയുന്നു. 'ഓര്‍ക്കുന്നില്ലെങ്കില്‍ ഒന്നുപരിചയപ്പെടുത്തിയ ശേഷം അഭിനന്ദനം അറിയിക്കാമെന്നു കരുതി അങ്ങനെ ചോദിച്ചതാണ്. ചെയ്തത് അബദ്ധമായെന്ന് ഉടനടി മനസ്സിലായി. എന്ത് ചോദ്യമാ സാഹിബെ, കെഎംസിസിയുടെ പുത്തൂരല്ലേ, എങ്ങനെ മറക്കും. ചിരിച്ചുകൊണ്ടു മോഹന്‍ലാല്‍ പറഞ്ഞു', അദ്ദേഹം കുറിച്ചു.

1995-ല്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലിനേയും ആദരിച്ച ഒരുപരിപാടിയിലും 2014-ലെ മറ്റൊരു പരിപാടിയിലും മോഹന്‍ലാലുമായി അടുത്തിടപഴകിയ കാര്യം പുത്തൂര്‍ റഹ്‌മാന്‍ പോസ്റ്റില്‍ ഓര്‍മിച്ചു. 'അദ്ദേഹത്തിനു ഒരാളെ ഓര്‍ത്തുവെക്കാന്‍ ഇത്രയും മതിയെന്നത് എന്നെ അതിശയിപ്പിക്കുന്നു. വേദിയില്‍വെച്ച് ഒരു സെല്‍ഫി എടുത്താലോ എന്ന് ചോദിച്ചപ്പോള്‍, അതിനെന്താ ആയിക്കോട്ടെ എന്ന എളിമായര്‍ന്ന പ്രതികരണം. അങ്ങനെ ഞങ്ങളുടെ സെല്‍ഫിയും കിട്ടി. സെല്‍ഫി എടുക്കുന്ന ഫോട്ടോയും കിട്ടി. ഫാല്‍ക്കെ അവാര്‍ഡ് ലബ്ധിയില്‍ അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം ഒന്നുകൂടെ വിനയാന്വിതനായി ശിരസ്സു താഴ്ത്തിനിന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: KMCC UAE President Puthur Rahman shares a heartwarming anecdote about how actor Mohanlal remembered him, even after just one meeting. A testament to his humility and recognition