'അടുത്ത ഫാൻബോയ് കത്തിക്കൽ ലോഡിങ്'; ജൂഡ്- മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു, നിർമാണം ആഷിഖ് ഉസ്മാൻ

മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. മോഹൻലാലിന്റെ 370-ാം ചിത്രമായി ഒരുങ്ങുന്ന പ്രൊജക്ടിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുക. ചിത്രത്തെ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
വാദ്യമേളങ്ങൾ ഉൾപ്പെടെ ആഘോഷത്തിന്റെ അന്തരീക്ഷത്തിൽ 'എൽ370' എന്നെഴുതിയ പോസ്റ്ററാണ് നിർമാതാവ് ആഷിഖ് ഉസ്മാനും മോഹൻലാലും പങ്കുവെച്ചത്. മോഹൻലാലുമായി ആഷിഖ് ഉസ്മാൻ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. തരുൺ മൂർത്തി സംവിധാനം ചെയ്ത 'അതിമനോഹരം' തിയേറ്ററിൽ എത്തുംമുമ്പാണ് ചിത്രം പ്രഖ്യാപിച്ചത് എന്ന പ്രത്യേകതയുണ്ട്.
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം 'തുടക്കം' സംവിധാനം ചെയ്തത് ജൂഡ് ആണ്. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. 50 കോടി ക്ലബ്ബിൽ ഇടം നേടിയ 'തുടക്കം' ഒ.ടി.ടി. റിലീസിന് ഒരുങ്ങവെയാണ് ജൂഡ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നത്.
മോഹൻലാലിന്റെ 366-ാം ചിത്രമാണ് 'അതിമനോഹരം'. ചിത്രം പോസ്റ്റ്- പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെ, വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'ഓപ്പറേഷൻ ഗംഗ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരുന്നു. ശ്രീഗോകുലം മൂവീസ് ആണ് ചിത്രം നിർമിക്കുന്നത്.
'ഓപ്പറേഷൻ ഗംഗ'യ്ക്കും ജൂഡ് ചിത്രത്തിനുമിടയിൽ രണ്ടു ചിത്രങ്ങൾ കൂടി മോഹൻലാലിന്റേതായി പുറത്തിറങ്ങുമെന്നാണ് സൂചന. അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജീത്തു ജോസഫ് എന്നിവരുമായും താൻ ഒന്നിക്കുന്ന വിവരം മോഹൻലാൽ തന്നെ പുറത്തുവിട്ടിരുന്നു.
ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റുകൾക്ക് താഴെ ആരാധകർ കമന്റുമായെത്തി. അടുത്ത ഫാൻബോയ് കത്തിക്കൽ ലോഡിങ് എന്നാണ് ആരാധകർ പങ്കുവെക്കുന്ന കമന്റുകൾ. മോഹൻലാലിനോട് തനിക്കുള്ള ആരാധന ജൂഡ് പലകുറി വെളിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കമന്റുകൾ.
Content Highlights: Director Jude Anthany Joseph announces his new film 'L370' starring Mohanlal. The project is produced by Ashiq Usman under Ashiq Usman Productions. This marks Mohanlal's 370th feature film and his second collaboration with Ashiq Usman. The title and further details regarding the cast and crew are yet to be revealed. The announcement comes while Jude Anthany Joseph's previous film 'Thudakkam' prepares for its OTT release.