ആ പ്രതികരണം വിഷമംകൊണ്ട്, ചലച്ചിത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു -കോസ്റ്റ്യൂം ഡിസൈനർ ജിഷാദ്

ജയിലർ 2 എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച ഭാഗങ്ങൾ വെട്ടിക്കുറച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ. മോഹൻലാലിന്റെ കടുത്ത ആരാധകനായതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചത് എന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മോഹൻലാലിന്റെ സീനുകൾ വെട്ടിച്ചുരുക്കിയതിൽ വിഷമം തോന്നിയെന്നും ചലച്ചിത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും ജിഷാദ് വ്യക്തമാക്കി.
'ഇന്നലെ ഞാൻ പങ്കുവെച്ച കാര്യങ്ങൾ, ലാലേട്ടന്റെ ഒരു കടുത്ത ആരാധകനെന്ന നിലയിൽ എന്റെ ഹൃദയത്തിൽ നിന്ന് വന്നതാണ്. അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്ന ഒരാളെന്ന നിലയിൽ, സിനിമയിൽ അദ്ദേഹത്തിന്റെ ഭാഗങ്ങൾ വെട്ടിക്കുറച്ചത് കാണുമ്പോൾ സ്വാഭാവികമായും വിഷമം തോന്നി. അതേസമയം, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സാങ്കേതിക പ്രവർത്തകൻ എന്ന നിലയിൽ, സിനിമയുടെ നിർമാണ പ്രക്രിയയെയും ചലച്ചിത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെയും ഞാൻ പൂർണമായും മാനിക്കുന്നു. നന്ദി, ഒപ്പം സ്നേഹവും അറിയിക്കുന്നു.' ജിഷാദ് ഷംസുദ്ദീൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.
കഴിഞ്ഞദിവസമാണ് രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്ത ജയിലർ 2 പുറത്തിറങ്ങിയത്. ഇതിനുപിന്നാലെ മോഹൻലാലിന്റെ സീനുകൾ വെട്ടിക്കുറച്ചതിൽ വൈകാരികമായി പ്രതികരിച്ച് ജിഷാദ് രംഗത്തെത്തി. ട്രെയ്ലറിൽ വെറും രണ്ട് സെക്കൻഡിലേക്ക് ഒതുക്കിയപ്പോഴും ഷൂട്ട് ചെയ്തതിലെ എന്റെ ജോലിയിൽ തനിക്ക് പൂർണ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രം പുറത്തിറങ്ങിയപ്പോൾ, മോഹൻലാൽ സാറിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകൾ പൂർണമായും എഡിറ്റ് ചെയ്ത് ഒഴിവാക്കിയതായി മനസിലാക്കുന്നു. ട്രെയ്ലറിലെ സീൻ പോലും ട്രിം ചെയ്തു കളഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോഹൻലാലിനെപ്പോലൊരു സൂപ്പർസ്റ്റാറിന്റെ സീനുകൾ വെട്ടിമാറ്റുന്നത് തീർത്തും അനാവശ്യമാണ്. ജയിലറിന് ഇനിയൊരു ഭാഗമുണ്ടെങ്കിൽ താൻ അതിന്റെ ഭാഗമാവില്ല. തന്നെ വിശ്വസിച്ച എല്ലാവരോടും ഖേദം പ്രകടിപ്പിക്കുന്നു. താൻ ആനുകൂല്യങ്ങൾക്ക് വേണ്ടിയോ, ലാഭത്തിനോ കോടി ക്ലബ്ബുകൾക്കോ സ്റ്റാർഡത്തിനോ വേണ്ടിയല്ല നിലനിൽക്കുന്നത്. ആരാധകർക്കും സിനിമയെ സ്നേഹിക്കുന്നവർക്കും മോഹൻലാലിനും വേണ്ടി നിലകൊള്ളുമെന്നും ജിഷാദ് പറഞ്ഞിരുന്നു. ഈ പ്രതികരണത്തിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകൾ ഉയർന്നിരുന്നു.
കേരളത്തിൽ 800 സ്ക്രീനുകളിലടക്കം വമ്പൻ റിലീസായാണ് 'ജയിലർ 2' തിയേറ്ററിലെത്തിയത്. ബ്ലോക്ബസ്റ്റർ വിജയമായ 'ജയിലറി'ലെ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് തിരിച്ചെത്തിയ ചിത്രം നിർമിച്ചത് സൺ പിക്ചേഴ്സ് ആണ്.
Content Highlights: Jailer 2 costume designer Jishad Shamsudeen issued a clarification regarding his viral emotional reaction to Mohanlal's scenes being edited out, stating that his criticism came purely as a passionate fan while acknowledging and respecting the director's creative choices and film-making process.