മോഹൻലാലും ദിലീഷ് പോത്തനും ഒന്നിക്കുന്നു; നിർമാണം ഷിബു ബേബിജോൺ, എൽ 3യും ഉറപ്പിച്ച് ആന്റണി പെരുമ്പാവൂർ

സംവിധായകൻ ദിലീഷ് പോത്തനുമായി മോഹൻലാൽ ഒന്നിക്കുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം സ്ഥിരീകരിച്ചു. ഷിബു ബേബിജോൺ ആയിരിക്കും സിനിമ നിർമിക്കുകയെന്നും ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തി. ദൃശ്യം 3 റിലീസിന് മുന്നോടിയായി ആരാധകരുമായി സംവദിക്കുമ്പോഴാണ് ആന്റണി പെരുമ്പാവൂരിന്റെ സ്ഥിരീകരണം.
'ഷിബു ബേബി ജോണിന്റെ നിർമാണത്തിൽ ഒരു ചിത്രം ചെയ്യുന്നുണ്ട്. ദിലീഷ് പോത്തൻ ആണ് സംവിധാനം. തീരുമാനമായിട്ടുണ്ട്', എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യത്തോട് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത്.
'ആരാധകർക്ക് കാണാൻ താത്പര്യമില്ലാത്ത പ്രൊജക്ടുകൾ ചെയ്യാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. നല്ല ചിത്രങ്ങൾ വരും', അദ്ദേഹം വ്യക്തമാക്കി.
മോഹൻലാൽ നായകനാകുന്ന പ്രിയദർശന്റെ നൂറാം ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. പൃഥ്വിരാജ് സംവിധാനംചെയ്ത ലൂസിഫറിന്റെ മൂന്നാംഭാഗം ഉറപ്പായും പുറത്തിറങ്ങുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 'അസ്രയേൽ നൂറുശതമാനം ഉണ്ടാവും. ക്ഷീണം തീർക്കേണ്ടേ. അങ്ങനെയുള്ള പടങ്ങൾ വന്നാലല്ലേ അനക്കമുണ്ടാവൂ. പൊടി ഗ്യാപ്പിൽ മതി എന്നുമാത്രം. എല്ലാം കലങ്ങി തെളിയട്ടെ', എന്നായിരുന്നു ആന്റണിയുടെ വാക്കുകൾ.
മോഹൻലാലിന്റെ ഷൂട്ടിങ് പുരോഗമിക്കുന്ന ഒരു ചിത്രത്തിന്റെ സംവിധായകനെ മാറ്റിയ സംഭവത്തെക്കുറിച്ചും ആന്റണി പെരുമ്പാവൂർ മനസുതുറന്നു. 'ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ചിത്രം ഒരു നവാഗത സംവിധായകനായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഷൂട്ടിങ് തുടങ്ങുന്നതിന് ഒരുമാസം മുമ്പ് അവനെ കാണാതായി. നമുക്ക് പരീക്ഷണത്തിന് പോവാൻ പേടിയാണ്. അവൻ പേടിച്ചിട്ട് പിന്നെ ഫോൺ എടുക്കുന്നില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല, പാനിക് ആയിപ്പോയി. അങ്ങനെയുള്ള ആളുകളുടെ കൂടെ പോവാൻ പേടിയുണ്ട്', ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ദിലീഷ് പോത്തനുമായി മോഹൻലാൽ ഒന്നിക്കുന്നുവെന്ന വാർത്തകൾ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. 'മലൈക്കോട്ടൈ വാലിബൻ' ആണ് ഷിബു ബേബി ജോൺ നിർമിച്ച ആദ്യ ചിത്രം. ചിത്രത്തിന് രണ്ടുഭാഗങ്ങളുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രണ്ടാംഭാഗമെന്ന ആശയത്തിൽനിന്ന് പിന്മാറിയതായി ഷിബു ബേബി ജോൺ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
മുരളി ഗോപിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് സംവിധാനംചെയ്ത ലൂസിഫർ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു. വൻ മുതൽമുടക്കിൽ പുറത്തിറങ്ങിയ രണ്ടാംഭാഗം എമ്പുരാൻ വലിയ വിവാദങ്ങളിൽപ്പെട്ടു. ഇതോടെ മൂന്നാംഭാഗം അനിശ്ചിതത്വത്തിലാണെന്ന് പ്രചാരണമുണ്ടായിരുന്നു.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ‘അതിമനോഹരം’ ആണ് മോഹൻലാലിന്റെ ചിത്രീകരണം തുടരുന്ന ചിത്രം. നടൻ ഡാൻ ഓസ്റ്റിന്റെ സംവിധാനത്തിൽ മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്ന ചിത്രമായിരുന്നു ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ഇത് ഉപേക്ഷിച്ച് തരുൺ മൂർത്തിയുടെ സംവിധാനത്തിലുള്ള സിനിമ ആരംഭിക്കുകയായിരുന്നു. അതിമനോഹരത്തിലും മോഹൻലാൽ പോലീസ് വേഷത്തിലാണ്.
Content Highlights: Official confirmation of Mohanlal and Dileesh Pothan collaboration. Shibu Baby John to produce the upcoming project. Antony Perumbavoor confirms Lucifer 3 is in development. Update on Priyadarshan's 100th film starting in December. Clarification on recent director replacement in a Mohanlal film