മോഹൻലാൽ കാക്കി അഴിച്ചു, ഇനി സ്‌ക്രീനിൽ; തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിന് പാക്ക് അപ്പ്

ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'അതിമനോഹര'ത്തിന്റെ ഷൂട്ടിങ് പൂർത്തിയായി, ചിത്രം ഡിസംബർ 24-ന് തിയേറ്ററുകളിൽ എത്തും. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുക. ഒരിടവേളയ്ക്ക് ശേഷം പോലീസ് ലുക്കിൽ മോഹൻലാൽ എത്തുന്നതിന്റെയും 'തുടരും' കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റേയും പ്രതീക്ഷയിലും ആവേശത്തിലും ആണ് പ്രേക്ഷകർ.
ലൗലജൻ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പക്റ്ററുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്. ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ ഫേവറേറ്റ് കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പ്രൊഡ്യൂസർ ആഷിഖ് ഉസ്മാൻ ആണ് പാക്കപ്പ് ആയ വിവരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുമുള്ള ഏതാനും ചില സ്റ്റില്ലുകളും പുറത്തുവിട്ടിട്ടുണ്ട്. ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ഉത്സവപറമ്പിലെ ഫൈറ്റ് കാണുമെന്നാണ് ആരാധകരുടെ കണ്ടെത്തൽ. കൊച്ചി, മൂവാറ്റുപുഴ, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകൾ. വലിയ ബജറ്റിൽ വലിയ ക്യാൻവാസിൽ ആണ് ചിത്രം എത്തുന്നത്.
'തുടരും' എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, തരുൺ മൂർത്തി- മോഹൻലാൽ കോംമ്പോ ഒന്നിക്കുമ്പോൾ സിനിമ പ്രേമികളുടെ പ്രതീക്ഷകൾ വാനോളം ആണ്. ഒപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ആഷിഖ് ഉസ്മാന്റെ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ആദ്യ മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയും 'അതിമനോഹര'ത്തിനുണ്ട്.
ലാലു അലക്‌സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. 'ഇഷ്‌ക്', 'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. 'തുടരും' ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു.
എഡിറ്റിങ്: ഷെഫീഖ് വി.ബി, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽദാസ്, കോസ്റ്റും: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ആക്ഷൻ കൊറിയോഗ്രാഫി: സ്റ്റണ്ട് സിൽവ, മേക്കപ്പ്: റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: എസ്സ കെ. എസ്തപ്പാൻ, വി.എഫ്.എക്‌സ്: ഡിജി ബ്രിക്‌സ്, വിതരണം: സെൻട്രൽ പിക്‌ചേഴ്‌സ്, സ്റ്റിൽസ്: അമൽ സി സദർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്, പി.ആർ.ഒ: സീതാലക്ഷ്മി.
Content Highlights: Mohanlal stars as a police sub-inspector in Athimanoharam. Directed by Tharun Moorthy and produced by Ashiq Usman. Meera Jasmine reunites with Mohanlal as the female lead. The movie officially wraps up shooting and hits theaters on December 24.