അന്ന് എന്റെ അഭിനയത്തിന് സിബി തന്നത് നൂറിൽ രണ്ട് മാർക്ക്, പിന്നീട് രണ്ട് നാഷണൽ അവാർഡുകളും -മോഹൻലാൽ

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിസ്മയങ്ങളിൽ ഒന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത 'കിരീടം'. റിലീസ് ചെയ്ത് 37 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ഈ ചിത്രം പ്രേക്ഷകർ ആഘോഷിക്കുന്നു എന്നത് ഒരു അത്ഭുതമാണെന്ന് മോഹൻലാൽ ഓർക്കുന്നു. കിരീടം സിനിമയുടെ 4K റീ-റിലീസ് ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സിനിമകൾക്ക് പകരക്കാരില്ലെന്നും കിരീടം അത്തരത്തിലൊരു അത്ഭുതമാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. സേതുമാധവൻ എന്ന കഥാപാത്രത്തിന്റെ ദുഃഖം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ സിനിമയിൽ വന്നിട്ട് 50 വർഷമായി. തിരനോട്ടം കഴിഞ്ഞ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ ഓഡിഷന് അതിന്റെ അവസാനദിവസമാണ് ഞാൻ ചെല്ലുന്നത്. അവിടെവെച്ച് ഒരു സീൻ തന്നിട്ട് അഭിനയിച്ചുകാണിക്കാൻ പറഞ്ഞു. അന്നവിടെ സംവിധായകൻ ഫാസിൽ, ജിജോ, സിബി മലയിൽ എന്നിവരുണ്ട്.
പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും ഇപ്പോൾ ഇതിവിടെ പറയാതിരിക്കാൻ പറ്റില്ല. നൂറിലാണ് മാർക്ക് തരുന്നത്. അന്ന് ഓരോരുത്തരും മാർക്ക് തന്നപ്പോൾ എനിക്ക് ഏറ്റവും നല്ല മാർക്ക് തന്ന് സഹായിച്ചയാളാണ് സിബി. നൂറിൽ രണ്ടുമാർക്ക്. പക്ഷേ പിൽക്കാലത്ത് അദ്ദേഹമെനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങളും സമ്മാനിച്ചു. എന്റെ ആദ്യത്തെ നാഷണൽ അവാർഡ് കിരീടത്തിനായിരുന്നു. ആ വർഷത്തെ സംസ്ഥാന പുരസ്കാരവും അതേ ചിത്രത്തിലൂടെ കിട്ടി. അതുകഴിഞ്ഞ് ഭരതത്തിനും പുരസ്കാരം ലഭിച്ചു. താങ്ക്യൂ സിബി. അദ്ദേഹത്തിനൊപ്പം ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ സാധിച്ചു." മോഹൻലാൽ പറഞ്ഞു.
കിരീടത്തിന്റെ വിജയത്തിൽ തിരക്കഥാകൃത്ത് ലോഹിതദാസിനും ഗാനരചയിതാവ് കൈതപ്രത്തിനും വലിയ പങ്കുണ്ട്. ട്രെയിലർ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസിലേക്ക് ഓടിയെത്തി. 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി' എന്ന ഗാനം കേൾക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. സിനിമയിലെ വൈകാരികമായ രംഗങ്ങളും അമ്മയുമായുള്ള ബന്ധവും ഇന്നും പ്രേക്ഷകരെ കരയിപ്പിക്കുന്നതാണ്. സിനിമ ചിത്രീകരിച്ച പാലം ഇന്ന് 'കിരീടം പാലം' എന്ന് ഔദ്യോഗികമായി അറിയപ്പെടുന്നത് ആ ചിത്രം ജനമനസ്സുകളിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന്റെ തെളിവാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
കിരീടം റീ-റിലീസിനൊരുങ്ങുന്നു
പുറത്തിറങ്ങി 37 വർഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ ക്ലാസിക് ചിത്രം കിരീടം റീ റിലീസിനൊരുങ്ങി. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോൾ തന്നെ ഉയർന്നു കേൾക്കുന്ന പ്രധാന പേരായിരിക്കും 'കിരീടം'. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്.
മലയാള സിനിമാ ചരിത്രത്തിൽ ഇടംനേടിയ ചിത്രമാണ് ലോഹിതദാസ്–സിബി മലയിൽ ടീമിന്റെ കിരീടം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി സേതുമാധവൻ മാറി. 1989ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ട് 37 വർഷങ്ങൾ പിന്നിടുന്നു. ഇപ്പോഴിതാ കിരീടം ഡോൾബി അറ്റ്മോസിൽ 4K ദൃശ്യഭംഗിയിൽ റീ റിലീസിന് തയ്യാറായിരിക്കുകയാണ്. ചിത്രം ജൂലൈ മാസത്തിൽ റീ-റിലീസിന് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്. ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേർന്ന മലയാളത്തിൻ്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്ക്രീനിൽ എത്തുമ്പോൾ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാൻ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസിൽ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിർവഹിച്ചത് എസ്. കുമാറാണ്.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, സംഗീതം: ജോൺസൺ, മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്: അർജ്ജുൻ @ ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Content Highlights: Attending the emotional 4K re-release trailer launch of his 37-year-old historic masterpiece Kireedam, superstar Mohanlal fondly recollected his initial days in cinema and paid tribute to director Sibi Malayil, late scriptwriter Lohithadas, and the stellar cast of the film.