എഐ ദൃശ്യമികവോടെ ഒരുക്കിയ ഹൊറർ മിത്തോളജിക്കൽ ചിത്രം മോഹ; ടീസർ പുറത്ത്

കുടുംബ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഹൊറർ മിത്തോളജിക്കൽ ചിത്രം മോഹയുടെ ടീസർ പുറത്തുവിട്ടു. പൂർണമായും യു.എ.യിൽ വച്ച് ചിത്രീകരിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് നിഖിൽ രാംദാസ് ആണ്. യു.എ.ഇ.യിൽ നിന്നുള്ള എൺപത്തിയഞ്ചിലേറെ കലാകാരന്മാർ അണിനിരന്ന മോഹയിൽ സമകാലീന വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്.
രാമായണത്തിലെ സീതയെ ശക്തമായ സ്ത്രീ കഥാപാത്രമായി പരാമർശിച്ചിട്ടുള്ള ചിത്രത്തിൽ ത്രേതായുഗം എഐയുടെ സഹായത്താൽ വൈൽഡ് സ്‌പെൽ സ്റ്റുഡിയോ ആണ് ഒരുക്കിയിരിക്കുന്നത്. അരമണിക്ക്യൂറിന് മുകളിൽ വരുന്ന ഈ രംഗങ്ങൾ കാണികൾക്ക് മികച്ച ദൃശ്യാനുഭവമായിരിക്കും നൽകുക.
40 മിനിറ്റോളം മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ചിട്ടുള്ള ചിത്രത്തിലെ ത്രേതായുഗ ഗ്ലിംപ്സും റിലീസ് ആയിട്ടുണ്ട്. അയോധ്യയുടെ പശ്ചാത്തലം ദൃശ്യാവിഷ്‌കാരം ചെയ്തതും ഹനുമാന്റെയും മറ്റു കഥാപാത്രങ്ങളുടെയും രംഗങ്ങളും ഇതിനകംതന്നെ പ്രേക്ഷകപ്രശംസ നേടി.
കുട്ടി സ്റ്റോറീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഖിൽ രാംദാസും, നീരജ് കാമ്പിശ്ശേരിയും രാജീവ് നായരും ചേർന്നാണ് ചിത്രം നിർമിച്ചത്. മോഹയുടെ കഥ,തിരക്കഥ, സംഭാഷണം, സംഗീതം, ഗാനരചന, പശ്ചാത്തല സംഗീതം, ചിത്രസംയോജനം എന്നിവ നിർവഹിച്ചതും നിഖിൽ രാംദാസ് തന്നെയാണ്.
കാജൽ ജോയ്, ശില്പ ശ്രീകുമാർ, ഹരിഷ്മ, രാഗേഷ്, പ്രതീക്ഷ്, വിബിൻ, സാൽമൺ, സാലി എന്നിവരാണ് മോഹയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlights: Moha teaser released