'കാണാന്‍ ഓഷോയെപ്പോലെയുണ്ട്'; സമീപിച്ചത് രണ്ട് സംവിധായകര്‍, വലിയ ഉത്തരവാദിത്വം- മിഥുന്‍ ചക്രവര്‍ത്തി

മിഥുന്‍ ചക്രവര്‍ത്തി - Photo: @mithun__chakraborty_ instagram | ഓഷോ രജനീഷ് (ഫയല്‍ചിത്രം)
മിഥുന്‍ ചക്രവര്‍ത്തി - Photo: @mithun__chakraborty_ instagram | ഓഷോ രജനീഷ് (ഫയല്‍ചിത്രം)

ഓഷോ രജനീഷിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സംവിധായകന്മാരാണ് തന്നെ സമീപിച്ചതെന്ന് വെളിപ്പെടുത്തി മിഥുന്‍ ചക്രവര്‍ത്തി. ഓഷോയുമായി സാമ്യമുണ്ട് എന്ന് ആളുകള്‍ പറയുന്നതുതന്നെ അഭിമാനമുള്ള കാര്യമാണെന്നും അദ്ദേഹത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്നത് ഏറെ ഉത്തരവാദിത്തമുള്ള ജോലിയാണെന്നും മിഥുന്‍ ചക്രവര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. 

'ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആദ്യം നടന്നതെന്ന് മിഥുന്‍ പറയുന്നു. സിനിമയ്ക്കുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങളില്‍ എന്നെ കാണാന്‍ ഓഷോയെപ്പോലെയുണ്ട് എന്ന് പറഞ്ഞത് അതിന്റെ ചീഫ് എഡിറ്ററാണ്. ഫോട്ടോഷൂട്ടിന്റെ സമയത്ത് ഞാന്‍ ഒരു വല്ലാത്ത മാനസിക നിലയിലായിരുന്നു. ആ സ്ഥലത്തെ അന്തരീക്ഷവും ആകാശവും എല്ലാംകൂടി ചേര്‍ന്ന് വേറെ ഒരു അവസ്ഥയായിരുന്നു മൊത്തത്തില്‍', മിഥുന്‍ പറഞ്ഞു. 

'ആ സമയത്ത് എന്നെ കാണാന്‍ ഓഷോയെപ്പോലെയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളൊരു വലിയ കാര്യമാണ് ഈ പറഞ്ഞത്, ഞാന്‍ നിങ്ങളോടിപ്പോ എന്താ പറയേണ്ടത് എന്നാണ് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത്. കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും ഇതേകാര്യം തന്നെയാണ് പറഞ്ഞത്. അങ്ങനെയൊരു ചിത്രം സംവിധാനം ചെയ്യാന്‍ താല്‍പര്യം ഉണ്ടെന്നും വിവേക് പറഞ്ഞു,' മിഥുന്‍ പറഞ്ഞു. 

'ഓഷോയുടെ ജീവിതം സിനിമയാക്കുന്നത് ഒരു ചെറിയ കാര്യമല്ല. അഞ്ചാറുകൊല്ലമെങ്കിലും അതിനുവേണ്ടി ചിലവഴിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ആ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. അതേസമയം തന്നെ മറ്റൊരു സംവിധായകനും ഇതേവിഷയവുമായി ബന്ധപ്പെട്ട് എന്നെ വന്നുകണ്ടു. അദ്ദേഹവും ഓഷോയുടെ ജീവിതം സിനിമയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഞാന്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു,' മിഥുന്‍ വെളിപ്പെടുത്തി. 

'ആ വേഷം ചെയ്യാന്‍ എനിക്ക് സന്തോഷമേയുള്ളൂ, ഞാന്‍ അത് ചെയ്‌തേക്കും. പക്ഷേ, അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സമ്മതിക്കുന്നതിന് മുമ്പായി നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഭക്തര്‍ക്ക് ഓഷോ ഇപ്പോഴും ജീവിക്കുന്ന ദൈവമാണ്. ഓഷോ രജനീഷ് അത്രയും വലിയ ഒരു വ്യക്തിത്വമാണ്. അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ നമ്മള്‍ അത്രയും സജ്ജരായിരിക്കണം. ആ കഥാപാത്രത്തോട് നീതി പുലര്‍ത്തണം.അതൊരു വലിയ ഉത്തരവാദിത്തമാണ്,' മിഥുന്‍ പറഞ്ഞു. 

അദ്ദേഹവുമായി സാമ്യമുണ്ടെന്ന് ആളുകള്‍ പറയുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഭാവിയില്‍ അത്തരം ഒരു സിനിമയുടെ ഭാഗമായേക്കുമെന്നും മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു. വിവേക് അഗ്നിഹോത്രിയുടെ 'ദി ഡല്‍ഹി ഫയല്‍സ്: ദി ബംഗാള്‍ ചാപ്റ്റര്‍' എന്ന സിനിമയാണ് മിഥുന്‍ ചക്രവര്‍ത്തിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തില്‍ മിഥുന്റെ മകനും സുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.  

Content Highlights: midhun chakraborty reveals that he may play osho rajneesh role in his biopic